റമദാൻ ഭക്ഷ്യ വസ്തുക്കളുമായി ഫുജൈറയിൽനിന്ന് പുറപ്പെടുന്ന ചരക്ക് വിമാനം
ഫുജൈറ: ഇസ്രായേൽ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീൻ ജനതക്ക് റമദാനിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് ഫുജൈറ എമിറേറ്റ്. സുപ്രിം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ നിർദേശ പ്രകാരം 257 ടൺ ഭക്ഷ്യ വസ്തുക്കളാണ് വിമാന മാർഗം ഗസ്സ മുനമ്പിലെത്തിച്ചത്. ഫലസ്തീനികൾക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കുന്നതിനായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഓപറേഷൻ ഷിവർലസ് നൈറ്റ് 3 സംരംഭത്തിന്‍റെ ഭാഗമായാണ് ഫുജൈറ സഹായമെത്തിച്ചത്.
ഇതിനിടെ യു.എ.ഇയിൽ നിന്നുളള സഹായങ്ങളുമായി അഞ്ച് വാഹന വ്യൂഹങ്ങൾ ഈ ആഴ്ച റഫ അതിർത്തിയിലൂടെ ഗസ്സയിലേക്ക് കടന്നു. ഭക്ഷ്യ വസ്തുക്കൾ, ടെന്‍റുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടെ 1184.9 ടൺ സഹായ വസ്തുക്കളാണ് 73 ട്രക്കുകളിലായി ഗസ്സ മുനമ്പിലെത്തിയത്. ഇതോടെ യു.എ.ഇയിൽ നിന്ന് ഓപറേഷൻ ഷിവർലസ് നൈറ്റ് 3 സംരംഭത്തിന് കീഴിൽ ഗസ്സയിലെത്തുന്ന വാഹന വ്യൂഹങ്ങളുടെ എണ്ണം 180 ആയി ഉയർന്നു. ആകെ ട്രക്കുകളുടെ എണ്ണം 3,440 ലെത്തി.
അതേസമയം, ഇതുവരെ 37,309 ടൺ മാനുഷിക വസ്തുക്കളാണ് ഓപറേഷൻ ഷിവർലസ് നൈറ്റ് 3 സംരംഭത്തിന് കീഴിൽ യു.എ.ഇ ഗസ്സയിൽ വിതരണം ചെയ്തത്. യുദ്ധം മൂലം ഗസ്സയിലെ ജനങ്ങൾ നേരിടുന്ന പ്രായസങ്ങൾ ആശ്വാസമേകുന്നതിൽ യു.എ.ഇയുടെ സഹായ വിതരണം നിർണായകമായ പങ്കാണ് വഹിക്കുന്നത്. പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ ഉറപ്പുവരുത്താനും ദുരിതത്തിന് ആശ്വാസമേകാനും യു.എ.ഇയുടെ കൈത്താങ്ങ് സഹായകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.