ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് റെക്കോർഡ് നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 91.18 എന്നി നിലയിലാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ദിർഹമിന് 24.84 രൂപ വരെ കഴിഞ്ഞദിവസം വിനിമയ നിരക്ക് ലഭിച്ചു. രൂപയുടെ മൂല്യം വീണ്ടും കുറയുകയാണെങ്കിൽ ദിർഹമിന്റെ വിനിമയ നിരക്ക് 25 രൂപയിലേക്ക് എത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
വിനിമയനിരക്ക് വർധിച്ചതോടെ പ്രവാസികൾക്ക് പണമയക്കാൻ മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ചില ഓൺലൈൻ ആപ്പുകൾ വഴി കഴിഞ്ഞദിവസം വിനിമയനിരക്ക് 24.90ന് മുകളിൽ ലഭിച്ചിട്ടുണ്ട്. മറ്റ് ഗൾഫ് രാജ്യങ്ങളിലെ വിനിമയ നിരക്കിലും സമാനമായ വർധനയാണ് രേഖപ്പെടുത്തുന്നത്. ചില പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ഡോളറിന് 92 രൂപയായാൽ, ദിർഹമിന്റെ വിനിമയനിരക്ക് ആദ്യമായി 25 രൂപ കടക്കുമെന്നാണ്. കഴിഞ്ഞ മാസം മുതൽ വിവിധ ഘട്ടങ്ങളിലായി രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആഗോളവിപണിയിലെ മാറ്റങ്ങളും യു.എസിന്റെ താരിഫ് ചുമത്തൽ അടക്കമുള്ള നടപടികളും രൂപയുടെ മൂല്യത്തെ ബാധിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
ഡോളര്‍ ആവശ്യകത വര്‍ധിച്ചതും ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കകളും രൂപയെ ബാധിച്ചതായും വിലയിരുത്തപ്പെടുന്നു. ഇതിന് പുറമേ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനങ്ങൾ ആഗോള വ്യാപാര മേഖലയിൽ വീണ്ടും ആശങ്ക വിതച്ചിട്ടുണ്ട്.
അമേരിക്കന്‍ നിലപാടിന് എതിരായി യൂറോപ്യന്‍ രാജ്യങ്ങള്‍ നിന്നാല്‍, ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതുടര്‍ന്ന് ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചതെന്നും വിശദീകരിക്കപ്പെടുന്നു.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 64 ഡോളറിന് മുകളിലാണുള്ളത്. 60 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് വിലയാണ് ഓരോ ദിവസം വര്‍ധിക്കുന്നത്. ഇതിന് പുറമേ ഓഹരി വിപണിയും നഷ്ടത്തിലായതോടെയാണ് വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.