അബൂദബി: രാജ്യത്തെ ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് ക്ലൗഡ് സീഡിങ് ഗവേഷണങ്ങൾക്ക് 15 ലക്ഷം ഡോളർ വരെ ഗ്രാന്റ് അനുവദിച്ചു. നാഷനൽ സെന്റർ ഓഫ് മീറ്റിയറോളജി (എൻ.സി.എം) നടത്തുന്ന യു.എ.ഇ റിസർച്ച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസിന്റെ ആറാം ഘട്ടത്തിൽ മൂന്ന് അന്താരാഷ്ട്ര ശാസ്ത്രജ്ഞരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 48 രാജ്യങ്ങളിൽ നിന്നുള്ള 140 ഗവേഷകരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.
അമേരിക്കയിലെ കൊളറാഡോയിൽ നിന്നുള്ള റഡാർ കാലാവസ്ഥാ വിദഗ്ധൻ ഡോ. മൈക്കൽ ഡിക്സൺ, ആസ്ട്രേലിയയിലെ വിക്ടോറിയ യൂനിവേഴ്സിറ്റിയിലെ പ്രഫ. ലിൻഡ സൂ, ജർമനിയിലെ ഹോഹൻഹൈം യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻ ഡോ. ഒലിവർ ബ്രാഞ്ച് എന്നിവർക്കാണ് മൂന്ന് വർഷത്തേക്ക് ധനസഹായം ലഭിച്ചത്. ഓരോ പദ്ധതിക്കും വാർഷത്തിൽ പരമാവധി 5.5 ലക്ഷം ഡോളർ വരെ ലഭിക്കും.
ഗവേഷണങ്ങളുടെ ഭാഗമായി യു.എ.ഇയിൽ നേരിട്ടുള്ള പഠനങ്ങളും വിജ്ഞാന കൈമാറ്റവും നടക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മേഘങ്ങൾ കൂടുതൽ കൃത്യമായി കണ്ടെത്താനും, പരിസ്ഥിതി സൗഹൃദ നാനോ വസ്തുക്കൾ ഉപയോഗിച്ച് പുതിയ ക്ലൗഡ് സീഡിങ് ഏജന്റുകൾ വികസിപ്പിക്കാനും മണൽതിട്ടകളുടെ രൂപകല്പനയിലൂടെ മഴക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കാനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.
വർഷത്തിൽ ശരാശരി 100 മില്ലീമീറ്റർ മാത്രം മഴ ലഭിക്കുന്ന യു.എ.ഇ ജലത്തിനായി പ്രധാനമായും കടൽവെള്ള ശുദ്ധീകരണമാണ് ആശ്രയിക്കുന്നത്. ഇത് ജലസുരക്ഷക്ക് വലിയ വെല്ലുവിളിയായ സാഹചര്യത്തിൽ കൂടിയാണ് പദ്ധതി വികസിപ്പിച്ചത്. ക്ലൗഡ് സീഡിങ് വഴി മഴ സൃഷ്ടിക്കാനല്ല, നിലവിലുള്ള മേഘങ്ങളിൽ നിന്ന് മഴയുടെ അളവ് വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എൻ.സി.എം വ്യക്തമാക്കി.
ശുദ്ധമായ അന്തരീക്ഷത്തിൽ മഴ ഏകദേശം 30 ശതമാനം വരെ വർധിപ്പിക്കാൻ കഴിയുമെന്നാണ് മുൻപഠനങ്ങൾ സൂചിപ്പിക്കുന്നത്. 2015ൽ ഗ്രാന്റ് സ്ഥാപിതമായതുമുതൽ, പദ്ധതിയിൽ ഏകദേശം 2.5 കോടി ഡോളർ ഗവേഷണത്തിന് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.