റാസല്‍ഖൈമ: ജസീറ അല്‍ ഹംറ വാള്‍ഡോര്‍ഫ് അസ്റ്റോറിയ അള്‍ട്രാ ലക്ഷ്വറി റസിഡന്‍സിലെ ‘സ്കൈ പാലസ്’ റെക്കോര്‍ഡ് വിലയായ 13 കോടി ദിര്‍ഹമിന് (35.4 മില്യണ്‍ ഡോളര്‍) വിറ്റു. ഇതോടൊപ്പം 5.5 കോടി ദിര്‍ഹമിന്(1.5 കോടി ഡോളര്‍) സിഗ്നേച്ചര്‍ പെന്തൗസിന്റെ വിൽപന നടന്നതായും അധികൃതര്‍ അറിയിച്ചു.
ആഗോള ലൈഫ് സ്റ്റൈല്‍-നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ റാസല്‍ഖൈമയുടെ കീര്‍ത്തി ഉയര്‍ത്തിയ കച്ചവടത്തിലൂടെ എമിറേറ്റിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഒറ്റ യൂനിറ്റ് വസതിയായി ‘സ്കൈ പാലസ്’ മാറി. വടക്കന്‍ എമിറേറ്റിലെ പ്രീമിയം വാട്ടര്‍ഫ്രണ്ട് ജീവിതശൈലിക്ക് വര്‍ധിച്ചുവരുന്ന ആവശ്യം വ്യക്തമാക്കുന്നതാണ് ഇടപാടെന്ന് വില്‍പ്പന പ്രഖ്യാപിച്ച അല്‍ഹംറ ഗ്രൂപ്പ് സി.ഇ.ഒ അഭിപ്രായപ്പെട്ടു.
ബീച്ച് ഫ്രണ്ട് വാള്ഡ്റോഡ് അസ്റ്റോറിയ റസിഡന്‍സ് ടവറിന്റെ മുകളിലെ നിലയിലാണ് ‘സ്കൈ പാലസ്’ സ്ഥിതി ചെയ്യുന്നത്. 10,000 ചതുരശ്ര വിസ്തൃതിയില്‍ മൂന്നുനിലകളിലുള്ളതാണ് ഈ വസതി. വിസ്തൃതിക്കൊപ്പം സ്വകാര്യതയും ഉറപ്പു നല്കുന്ന രൂപല്കല്പ്പനയിലുള്ള സ്കൈ പാലസില്‍ നിന്ന് അറേബ്യന്‍ ഗള്‍ഫ്, വിന് അല്‍ മര്‍ജാന്‍ ഐലന്റ് ഇന്റഗ്രേറ്റഡ് റിസോര്‍ട്ട്, പര്‍വത നിരകള്‍ എന്നിവയുടെ കാഴ്ചകള്‍ ഇവിടെ നിന്ന് ലഭിക്കും. റസഡിന്റ് ലോഞ്ച്, ലൈബ്രററി, സിഗാര്‍ ലോഞ്ച്, സിനിമാ തിയേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. സ്വകാര്യ ഫെറി സേവനത്തിലൂടെ അല്‍ മര്‍ജാന്‍ ഐലന്റിലേക്കുള്ള പ്രവേശനവും സാധ്യമാണ്. 6000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ടവറിനുള്ളിലെ സിഗ്നേച്ചര്‍ പെന്തൗസ്.
സ്വകാര്യതയും പരിഷ്കൃതമായ ജീവിതശൈലിയും മുന്‍ നിര്‍ത്തിയുള്ളതാണ് 360 ഡിഗ്രി പനോരമ കാഴ്ചകള്‍ നല്കുന്ന വസതിയുടെ രൂപകല്‍പ്പന. റാസല്‍ഖൈമയുടെ സുസ്ഥിര വളര്‍ച്ചയിലേക്കുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ് ചരിത്ര പ്രാധാന്യമുള്ള ഇടപാടുകളെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.