ഫുജൈറ: ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിൽ ഒക്ടോബർ 26ന് ഫുജൈറയില്‍ കുട്ടികളുടെ പുസ്തകമേളയുടെ രണ്ടാം പതിപ്പിന് തുടക്കമാകുന്നു. നവംബര്‍ 2വരെ ഫുജൈറ കിരീടാവകാശിയുടെ ഓഫീസും ഫുജൈറ കൾച്ചർ ആൻഡ് മീഡിയ അതോറിറ്റിയും സഹകരിച്ച് ദിബ്ബ അൽ ഫുജൈറയിലെ ദിബ്ബ എക്സിബിഷൻ സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം രാജ്യത്തിനകത്തും പുറത്തുമുള്ള 52 പ്രസാധക സ്ഥാപനങ്ങൾ മേളയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം പങ്കെടുത്ത യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ജോർഡൻ, ഈജിപ്ത്, ഒമാൻ എന്നിവരെ കൂടാതെ ഇത്തവണ യു.കെ കൂടി പങ്കെടക്കുന്നുവെന്ന പ്രതേകതയുണ്ട്.
കുട്ടികളിൽ വായനാസ്നേഹം വളർത്തുക, പുതിയ തലമുറയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന വിദ്യാഭ്യാസപരവും സർഗാത്മകവുമായ ഉള്ളടക്കം നൽകുക, സംവേദനാത്മക പരിപാടികൾ, പ്രത്യേക വർക്ക്ഷോപ്പുകൾ, സാഹിത്യ, നാടക, കലാ പ്രകടനങ്ങൾ എന്നിവയിലൂടെ സന്ദർശകർക്കിടയിൽ ഭാവനയും സർഗാത്മകതയും വികസിപ്പിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. കുട്ടികളുടെയും സമൂഹത്തിന്റെയും ഭാവി കെട്ടിപ്പടുക്കുന്നതിന് ശാസ്ത്രത്തിന്റെയും അറിവിന്റെയും പ്രാധാന്യത്തിൽ വിശ്വസിക്കുന്ന ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ വലിയ പിന്തുണയും താൽപര്യവുമാണ് മേളയുടെ പ്രചോദനമെന്ന് ഫുജൈറ കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടറും പ്രദർശനത്തിന്റെ സുപ്രീം സംഘാടക സമിതി ചെയർമാനുമായ ഡോ. അഹമ്മദ് ഹംദാൻ അൽ സയൂദി പറഞ്ഞു.
യുവ എഴുത്തുകാരുമായും പ്രസാധകരുമായും സംവദിക്കാനുള്ള അവസരവും കുട്ടികളുടെ സാഹിത്യത്തിലെ നവീകരണത്തിനും ഡിജിറ്റൽ മാധ്യമത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന പ്രത്യേക പവലിയനും പ്രദർശനത്തിലുണ്ടാകും.കുട്ടികളിലും യുവാക്കളിലും വായനാ സംസ്കാരം വളർത്തിയെടുക്കുക, സാംസ്കാരിക സ്ഥാപനങ്ങൾക്കും അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കും ഇടയിൽ ആശയവിനിമയം വികസിപ്പിക്കുക എന്നിവയാണ് പുസ്തകമേളയുടെ പ്രധാന ലക്ഷ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.