ദുബൈ: നഗരത്തിലെ 17 ബസ് സേ്റ്റേഷനുകളിലും 12 മറൈൻ ട്രാൻസ്പോർട് സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സജ്ജീകരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ടെലികോം കമ്പനിയായ ‘ഇത്തിസലാത്തു’മായി ചേർന്നാണ് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി സംവിധാനം ഒരുക്കിയത്. യാത്രക്കിടയിലും സ്മാർട് ഫോണുകളിലും ടാബ്ലെറ്റുകളിലും ലാപ്ടോപ്പുകളിലും വൈഫൈ കണക്ട് ചെയ്യാനും ഉപയോഗിക്കാനും പദ്ധതി സഹായിക്കും.
എമിറേറ്റിലെ എല്ലാ ബസ് സേ്റ്റേഷനുകളിലും മറൈൻ ട്രാൻസ്പോർട് സ്റ്റേഷനുകളിലും പദ്ധതി വ്യാപിപ്പിക്കാൻ അതിവേഗത്തിൽ നടപടി സ്വീകരിച്ചുവരികയാണെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പേർട് ഏജൻസിയിലെ ട്രാനസ്പേർടേഷൻ സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അബ്ദുറഹ്മാൻ അൽ അവാദി പറഞ്ഞു. ഈ വർഷം രണ്ടാം പാതിയിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. 21ബസ് സ്റ്റേഷനുകളും 22മറൈൻ സ്റ്റേഷനുകളും അടക്കം ആകെ 43കേന്ദ്രങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
യു.എ.ഇയുടെ ഡിജിറ്റൽ നയമനുസരിച് എല്ലാ മേഖലയിലും ഡിജിറ്റൽവൽകരണം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് ആർ.ടി.എ പദ്ധതി രൂപപ്പെടുത്തിയത്. ബസ്, സമുദ്ര ഗതാഗത സംവിധാനങ്ങളെ ഉപയോഗിക്കുന്നവർക്ക് യാത്ര ആനന്ദകരവും ഗുണകരവുമാക്കുക എന്നതും അധികൃതർ പദ്ധതിയിലൂടെ ലക്ഷ്യമിട്ടുന്നുണ്ട്. ദുബൈയെ ലോകത്തെ ഏറ്റവും മികച്ച സ്മാർട് സംവിധാനങ്ങളുള്ളതും ഏറ്റവും സന്തോഷകരവുമായ നഗരമാക്കി മാറ്റുക എന്ന കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കുന്നുവെന്ന് അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.