ബോട്ട് സർവിസ് ഉപയോഗിച്ച് എക്സ്പോ സെന്ററിലേക്ക് വരുന്നവർ (ഫയൽ ചിത്രം
ഷാർജ: ലോകമെമ്പാടുമുള്ള അക്ഷരപ്രേമികൾ ഒരുമിച്ച് കൂടുന്ന 44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയായ എക്സ്പോ സെന്ററിലേക്ക് സൗജന്യ സർവിസുകളും പുതിയ ബസ്, ബോട്ട് സർവിസുകളും പ്രഖ്യാപിച്ച് ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ). വിവിധ എമിറേറ്റുകളിലെ ബസ്, ജലഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ചാണ് നവംബർ അഞ്ച് മുതൽ 16വരെ സൗജന്യ സർവിസുകൾ ലഭ്യമാക്കുക. ദുബൈ, അജ്മാൻ, ഷാർജ എമിറേറ്റുകളിലെ പ്രധാന സ്റ്റേഷനുകളിൽനിന്ന് വേദിയിലേക്ക് സർവിസ് വിപുലീകരിക്കാനും പദ്ധതിയുണ്ടെന്ന് എസ്.ബി.എ അറിയിച്ചു.
ദുബൈയിൽനിന്നുള്ള സന്ദർശകർക്ക് എക്സ്പോ സെന്ററിൽ എത്താൻ അൽ ഗുബൈബ മറൈൻ സ്റ്റേഷനെ ഷാർജ അക്വേറിയം മറൈൻ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന എഫ്.ആർ 5 മറൈൻ റൂട്ട് ഉപയോഗിക്കാം. ഇവിടെനിന്ന് ഷാർജ അക്വേറിയം, അൽ ക്വസ്ബ, ഷാർജ എക്സ്പോ സെന്റർ എന്നിവക്കിടയിൽ പുസ്തകോത്സവം നടക്കുന്ന മുഴുവൻ സമയവും സൗജന്യ സർവിസ് ഉണ്ടാകും. കൂടാതെ ദുബൈ റാശിദിയ ബസ് സ്റ്റേഷൻ, സിറ്റി സെന്റർ അജ്മാൻ എന്നിവിടങ്ങളിൽനിന്ന് പ്രതിദിന ഷട്ട്ൽ ബസ് സർവിസും ആരംഭിക്കും. റാശിദിയ ബസ് സ്റ്റേഷനിൽനിന്ന് രാവിലെ ഒമ്പതിനാണ് ആദ്യ സർവിസ്. ശേഷം ഉച്ചക്ക് ഒന്നിനും വൈകീട്ട് അഞ്ചിനും എക്സ്പോ സെന്ററിലേക്ക് ബസ് ഉണ്ടാകും. തിരിച്ച് ഉച്ചക്ക് 12നാണ് ആദ്യ സർവിസ്. ശേഷം വൈകീട്ട് നാല്, ഒമ്പത് മണി സമയങ്ങളിലും തിരികെ സർവിസുണ്ടാകും.
ഷാർജ അക്വേറിയം മറൈൻ സ്റ്റേഷനിൽനിന്ന് അൽ ഗുബൈബയിലേക്ക് തിങ്കൾമുതൽ വ്യാഴംവരെ രാവിലെ ഏഴ് മുതലാണ് മറൈൻ സർവിസ്. തുടർന്ന് 8.30, ഒരു മണി, 6.15 സമയങ്ങളിലും സർവിസുണ്ടാകും. വെള്ളിയാഴ്ചകളിൽ രാവിലെ ഏഴിന് സർവിസ് തുടങ്ങും. ശേഷം 8.30, ഉച്ചക്ക് രണ്ട്, വൈകീട്ട് നാല്, ആറ് മണി സമയങ്ങളിലും സർവിസ് ലഭ്യമാവും. വാരാന്ത്യങ്ങളിൽ ഉച്ചക്ക് രണ്ടുമണിക്കാണ് സർവിസ് തുടങ്ങുക. ശേഷം വൈകീട്ട് നാല്, ആറ്, ഒമ്പത് മണി എന്നീ സമയങ്ങളിലും സർവിസ് ഉണ്ടാകും.
അൽ ഗുബൈ സ്റ്റേഷനിൽനിന്ന് പ്രവൃത്തി ദിനങ്ങളിൽ രാവിലെ 7.45ന് സർവിസ് ആരംഭിക്കും. ശേഷം ഉച്ചക്ക് 12ന്, വൈകീട്ട് നാലിന്, 5.30ന്, രാത്രി ഏഴ് എന്നീ സമയങ്ങളിലായിരിക്കും സർവിസ്. വെള്ളിയാഴ്ച രാവിലെ 7.45ന് സർവിസ് തുടങ്ങും. തുടർന്ന് രാവിലെ 10, വൈകീട്ട് മൂന്ന്, അഞ്ച്, രാത്രി ഏഴ് സമയങ്ങളിലും വാരാന്ത്യങ്ങളിൽ വൈകീട്ട് മൂന്ന്, അഞ്ച്, എട്ട്, രാത്രി 10 സമയങ്ങളിലും സർവിസ് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.