‘ഫോർത്ത് ഫെഡറല്‍ കോറിഡോര്‍’ വരുന്നു, 68 കി.മീറ്ററിൽ നാലാം ദേശീയപാത

ദുബൈ: ഗതാഗത തിരക്ക് കുറക്കാനും എമിറേറ്റുകള്‍ക്കിടയിലെ ഗതാഗതം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് നിർമിക്കുന്ന പുതിയ ദേശീയപാതയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് അധികൃതർ. രാജ്യത്തെ ഗതാഗത, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വിലയിരുത്താന്‍ ഊർജ, അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയിയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഹൗസിങ് കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് പദ്ധതി സംബന്ധിച്ച് വിശദീകരിച്ചത്. ‘ഫോർത്ത് ഫെഡറല്‍ കോറിഡോര്‍’ എന്ന പേരിലുള്ള 600 കോടിയുടെ റോഡ് പദ്ധതിക്ക് 68 കി.മീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. പദ്ധതിയില്‍ 10 ജംങ്ഷനുകള്‍, ഓരോ ദിശയിലും 6 മുതല്‍ 8 വരെ ലെയിനുകള്‍, 4 ഫ്ലൈഓവറുകള്‍ എന്നിവ ഉള്‍പ്പെടും. രാജ്യത്തെ നിലവിലെ പ്രധാന ഹൈവേകളായ ഇ11 (ശൈഖ് സായിദ് റോഡ്), ഇ311 (ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്), ഇ 611(എമിറേറ്റ്സ് റോഡ്) എന്നിവക്കൊപ്പം നാലാമത്തെ പ്രധാന ഗതാഗത പാതയായിരിക്കുമിത്.

രാജ്യത്തിന്റെ വേഗത്തിലുള്ള നഗരവികസനവും വാഹനങ്ങളുടെ വര്‍ധനയും പരിഗണിച്ച് ഗതാഗത സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഈ പദ്ധതി നിര്‍ണായകമാണെന്ന് മന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട്, സുസ്ഥിര ഗതാഗത സംവിധാനങ്ങളിലേക്ക് മാറുന്നതിനും ഈ പദ്ധതി സഹായകരമാകും. ഇതോടൊപ്പം നിലവിലുള്ള ഹൈവേകള്‍ വിപുലീകരിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും. ഇത്തിഹാദ് റോഡ് 6 ലെയിനുകളായി വികസിപ്പിച്ച് ശേഷി 60 ശതമാനം വര്‍ധിപ്പിക്കും. എമിറേറ്റ്സ് റോഡ് 10 ലെയിനുകളാക്കി വികസിപ്പിച്ച് യാത്രാസമയം 45 ശതമാനം വരെ കുറകും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡും 10 ലെയിനുകളാക്കി വികസിപ്പിക്കും.

കനത്ത മഴ പോലുള്ള പ്രതികൂല കാലാവസ്ഥയില്‍ ഗതാഗത തുടർച്ചയും റോഡ് സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികളും യോഗം വിലയിരുത്തി. ഭാവിയില്‍ ഇത്തരം സാഹചര്യങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും ഉന്നയിച്ചു. രാജ്യത്തിന്റെ സമഗ്ര വികസനത്തില്‍ അടിസ്ഥാനസൗകര്യങ്ങൾ പ്രധാന പങ്ക് വഹിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ഗതാഗത കാര്യക്ഷമത ഉയര്‍ത്തുകയും, സ്മാര്‍ട്ട്-സുസ്ഥിര മൊബിലിറ്റി സംവിധാനങ്ങളിലേക്ക് മാറ്റം വേഗത്തിലാക്കുകയും ചെയ്യുന്നതില്‍ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Fourth National Highway at 68 km

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.