മുരളി മംഗലത്ത്
അജ്മാന്: കവിത ചൊല്ലിയും ചൊല്ലിപ്പഠിപ്പിച്ചും പ്രവാസലോകത്ത് വിസ്മയം തീര്‍ത്ത മുരളി മംഗലത്ത് എന്ന മുരളിമാഷ് നാട്ടിലേക്ക് മടങ്ങി. യു.എ.ഇയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മുരളി മംഗലത്തായും സ്കൂളിലെ മുരളിമാഷായും ജീവിതാരങ്ങത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഈ തൃശൂര്‍ വലപ്പാട്ടുകാരന്‍. 1987ൽ തുടങ്ങി ഇരുപത്തിയെട്ടുവര്‍ഷം ദുബൈ എന്‍.ഐ മോഡല്‍ സ്കൂളിലും ശേഷം 2015ൽ അജ്മാന് അല്‍ അമീര്‍ ഇംഗ്ലീഷ് സ്കൂളിലുമായി അധ്യാപനരംഗത്ത് നിറസാന്നിധ്യമായിരുന്നു. ശിഷ്യര്‍ക്ക് മലയാളം സംബന്ധമായി എന്ത് സംശയങ്ങള്‍ക്കും മാഷിന്റെ സാമീപ്യം തണലാകാറുണ്ട്. ക്ലാസ് മുറികളിലും പുറത്തും വലുപ്പച്ചെറുപ്പമില്ലാതെ ചൊല്ലിയും ചൊല്ലിപ്പഠിപ്പിച്ചും ആനന്ദത്തിന്റെ വിസ്മയം തീര്‍ക്കും മാഷിന്റെ ഓരോ ഇടപെടലും.
കോവിഡ് കാലം വന്നപ്പോഴും മുരളി മാഷിന് ഒരു ഒഴിവുമില്ല. ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്ക് നിരവധി പരിപാടികളുമായി മാഷ് തിരക്കിലായിരുന്നു. കേരള സര്‍ക്കാരിന്റെ അനൗപചാരിക വിദ്യാഭ്യാസ സമിതി (കാന്‍ഫെഡ്)യുടെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ‘ആധികള്‍ക്ക് അവധി’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയിരുന്നു. പാം അക്ഷരമുദ്ര, റോട്ടറി ക്ലബ്, കെ.എം.സി.സി സാഹിത്യപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മലയാളത്തിലെ വ്യാകരണസംശയങ്ങള് തീര്‍ക്കാന്‍ പേരെടുത്ത എഴുത്തുകാര്‍ വരെ പലപ്പോഴും മാഷെ തെരഞ്ഞെത്താറുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നിറസാന്നിധ്യമായിരുന്നു. യു.എ.ഇയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രഭാഷണങ്ങളും കവിതചൊല്ലലുമായി മാഷ് എന്നുമുണ്ടായിരുന്നു. ഒന്‍പത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
ആദ്യാക്ഷരം, അമ്മുവിന്റെ ഇഷ്ടങ്ങൾ, അമ്മുവിന്റെ ചേട്ടായി, പ്രണയമൊഴികൾ, ഇത്തിരി തൈരും ഒരു കുബ്ബൂസും, നോമ്പുയിര് (കവിതാ സമാഹാരങ്ങൾ), ജലത്തിനുപറയാനുള്ളത്, ലൈലാ മജ്നു, കലഹിക്കുന്ന വാക്കുകൾ (വിവർത്തങ്ങൾ), അമ്മുവിന്റെ ലോകം, സുകൃതക്കടൽ എന്നീ കൃതികൾ ജനുവരിയിൽ പ്രകാശനം ചെയ്യും. സംസം വെള്ളത്തെക്കുറിച്ച് പഠനം നടത്തിയ മാസാറു ഇമോട്ടോയുടെ ‘ദ ഹിഡന്‍ മെസേജസ് ഇന്‍ വാട്ടര്‍’ എന്ന പുസ്തകം ജലത്തിനുപറയാനുള്ളത് എന്ന പേരിലും നിസാമിയുടെ ലൈലാ മജ്നു, വിവിധ രാജ്യങ്ങളിലെ പ്രമുഖ കവികളുടെ കവിതകള്‍ കലഹിക്കുന്ന വാക്കുകള്‍ എന്ന പേരിലും വിവര്‍ത്തനം ചെയ്തു. യു.എ.ഇയിലെ ഒരു പ്രമുഖ റേഡിയോയില്‍ കവിതകളുടെ നിറക്കൂട്ടുമായി 'കാവ്യം' എന്ന പരിപാടിയും എന്‍.ടി.വിയില്‍ 'മൈ ടീച്ചര്‍ മലയാളം' എന്ന പരിപാടിയും ദീര്‍ഘകാലം അവതരിപ്പിച്ചിരുന്നു. ശിഷ്ടജീവിതം മാഷ് ഗുരുവായൂരിലായിരിക്കും ഉണ്ടാകുക. ഭാര്യ: ബിന്ദു. മക്കള്‍: ശ്രീരാഗ്, നന്ദിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.