ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
ഷാർജ: എമിറേറ്റിൽ പുതിയ പള്ളികൾ നിർമിക്കുന്നതിനും നിലവിലുള്ളത് പുതുക്കിപ്പണിയുന്നതിനുമായി 80 കോടി ദിർഹം അനുവദിച്ച് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പുതുതായി 60 പള്ളികൾ നിർമിക്കുകയും 40 പള്ളികൾ പുതുക്കിപ്പണിയുന്നതിനുമാണ് ഫണ്ട് അനുവദിച്ചത്.
കൂടാതെ, കൽബ സിറ്റിയിലെ ശ്മശാനങ്ങൾ പരിപാലിക്കാനും മെച്ചപ്പെടുത്താനും ബന്ധപ്പെട്ട അധികാരികൾക്ക് സുൽത്താൻ നിർദേശം നൽകി. ഈ പ്രദേശങ്ങളുടെ പൊതുവായ രൂപം മെച്ചപ്പെടുത്തുകയും റോഡുകൾ ടാർ ചെയ്യുകയും വേണം. കൂടാതെ, പാർക്കിങ് സൗകര്യങ്ങൾ വികസിപ്പിക്കാനും കാടുപിടിച്ചു കിടക്കുന്ന ഇടങ്ങളും പ്രദേശങ്ങളും വൃത്തിയാക്കാനും സുൽത്താൻ നിർദേശിച്ചു.
ടെലിവിഷനിലും റേഡിയോയിലും അവതരിപ്പിക്കുന്ന ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിൽ ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ മുഹമ്മദ് ഖലാഫുമായി സംസാരിക്കുന്നതിനിടെ ഷാർജ ഇസ്ലാമിക് അഫേഴ്സ് ഡിപ്പാർട്മെന്റ് ചെയർമാൻ അബ്ദുല്ല ഖലീഫ ബിൻ യാറൂഫ് അൽ സബൗസിയാണ് സുൽത്താന്റെ നിർദേശങ്ങൾ വെളിപ്പെടുത്തിയത്.
പ്രധാന നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന പള്ളികളാണ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇവിടങ്ങളിലെ 95 ശതമാനം പള്ളികളും പദ്ധതിയിലൂടെ പുതുക്കിപ്പണിയും. പുതുതായി നിർമിക്കുന്ന പള്ളികൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.