ദുബൈ: ഖത്തറിലെ യു.എസ് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അവതാളത്തിലായ വിമാന സർവീസുകൾ യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ചൊവ്വാഴ്ച സാധാരണ നിലയിലായി. ഗൾഫ് മേഖലയിലെ വ്യോമപാതകൾ അടച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് വിവിധ സർവീസുകൾ തടസപ്പെട്ടത്. ചൊവ്വാഴ്ച പകൽതന്നെ വിവിധ വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും സർവീസുകൾ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിച്ചു.
ദുബൈ വിമാനത്താവളത്തിൽ നിന്നുള്ള വിവിധ സർവീസുകൾ തടസപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമായും ഇന്ത്യയിലേക്കുള്ള സർവീസുകളാണ് തടസപ്പെട്ടിരുന്നത്. എമിറേറ്റ്സ് വിമാനക്കമ്പനിയും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടന്ന് പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി. അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേഴ്സും വിവിധ സർവീസുകൾ വഴിതിരിച്ചുവിട്ടു. ഷാർജയിൽ നിന്നുള്ള നിരവധി സർവീസുകളെയും വ്യോമപാതയിലെ തടസം ബാധിച്ചു. അതേസമയം ചൊവ്വാഴ്ച മിക്ക സർവീസുകളും പുനസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.
മുഴുവൻ സർവീസുകളും പുനസ്ഥാപിക്കാനുള്ള നടപടി തുടരുകയാണെന്ന് എയർഇന്ത്യയും പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. മിക്ക സർവീസുകളും ബുധനാഴ്ചയോടെ പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാന പാതയാണ് ഇന്ത്യക്കും യു.എ.ഇക്കുമിടയിലുള്ളത്.
യു.എ.ഇയിലെ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പാതയിൽ തടസം രൂപപ്പെട്ടത് ആശങ്കക്കിടയാക്കിയിരുന്നു. നേരത്തെ തന്നെ ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവീസുകൾളിൽ ചിലത് റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇറാൻ, പാകിസ്താൻ രാജ്യങ്ങൾ വ്യോമപാത അടച്ചതിനാൽ ഒമാൻ ആകാശപാതയിൽ തിരക്കേറിയതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംഘർഷം ആരംഭിച്ച ദിവസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രം ഗൾഫിലേക്കുള്ള ആറോളം സർവീസുകൾ റദ്ദാക്കിയിരുന്നു. നേരത്തെയുള്ള സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താനും നിലവിൽ വ്യോമപാത അനുവദിക്കുന്നില്ല. ഇതോടെ വിമാനങ്ങൾ പലതും ഒമാൻ വ്യോമപാതയിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഈ പാതയിൽ എയർട്രാഫിക് ഗണ്യമായി വർധിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായി വിമാന സർവീസുകൾ താളം തെറ്റുന്നത് ഗൾഫിലെ വേനലവധിക്ക് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന സമയം കൂടിയായതിനാൽ നിരവധി പേർക്ക് വലിയ പ്രയാസം സൃഷ്ടിക്കും. മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ പരിശോധിക്കണമെന്ന് നേരത്തെ അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.