പ്രിന്‍റെടുക്കാൻ അഞ്ച് ദിർഹം: ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററിനെതിരെ പരാതിയുമായി പ്രവാസി

അല്‍ഐന്‍: അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്‍ററിൽ പ്രിന്‍റെടുക്കാൻ അഞ്ച് ദിർഹം ഈടാക്കുന്നുവെന്ന പരാതിയുമായി പ്രവാസി. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് കോണ്‍സുലാറില്‍നിന്ന് ലഭിക്കേണ്ട സേവനം നിഷേധിച്ചതായും റുവൈസില്‍ പ്രവാസിയായ ഹംസ മുഹമ്മദ് പരാതിപ്പെട്ടു.

ഇത് സംബന്ധിച്ച് മൂന്ന് ജീവനക്കാര്‍ക്കെതിരെ ഇന്ത്യൻ അംബാസഡർക്കും ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റിനും സെക്രട്ടറിക്കും പരാതി നല്‍കി.

പവര്‍ ഓഫ് അറ്റോണി തയാറാക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ഹംസ അല്‍ ഐനില്‍ എത്തിയത്. ഇതിന്‍റെ ഭാഗമായി ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യം വന്നു.

പ്രിന്‍റ് എടുക്കുന്നതിനായി ഇന്ത്യൻ സോഷ്യല്‍ സെന്‍ററിന്‍റെ മെയിലിലേക്ക് ആധാർ കാർഡ് അയച്ചു. എന്നാൽ, പ്രിന്‍റ് എടുത്തതിന് അഞ്ചു ദിര്‍ഹമാണ് ഫീസ് ഈടാക്കിയതെന്ന് ഹംസ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍പോലും ഈടാക്കാത്ത നിരക്ക് ചോദ്യംചെയ്തതോടെ കോണ്‍സലില്‍നിന്ന് ലഭിക്കേണ്ട സേവനം ജീവനക്കാര്‍ നിഷേധിക്കുകയായിരുന്നുവെന്നും ഹംസ പരാതിയില്‍ ചൂണ്ടിക്കാട്ടി.

പ്രിന്‍റ് എടുത്ത പകർപ്പ് അവർ നൽകിയില്ല. പകര്‍പ്പ് എടുത്തുകൊണ്ടുവന്നാല്‍ സേവനം അനുവദിക്കാമെന്ന് അറിയിക്കുകയായിരുന്നു. അഞ്ച് ദിര്‍ഹം അടയ്ക്കാന്‍ തനിക്ക് ശേഷിയുണ്ടെങ്കിലും സാധാരണക്കാരായ അനേകം പ്രവാസികള്‍ക്ക് ഇത്തരം അവസ്ഥയുണ്ടാകാതിരിക്കാനാണ് ചോദ്യം ചെയ്തതെന്നും ഇതിലൂടെ തന്‍റെ അവകാശമായ സേവനം നഷ്ടമാവുകയായിരുന്നുവെന്നും ഹംസ ചൂണ്ടിക്കാട്ടി.

അതേസമയം, സംഭവം ശ്രദ്ധയില്‍പെട്ടതായും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് മുബാറക് പറഞ്ഞു.

Tags:    
News Summary - Five dirhams to print: Expatriate files complaint against Indian Social Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.