ദുബൈ: ദുബൈയിൽ അഞ്ചു മെട്രോ സ്റ്റേഷനുകളുടെ പേര് മാറ്റിയതിനു പിന്നാലെ അഞ്ചു ബസ്സ്റ്റേഷനുകളുടെയും പേരുകൾ മാറുന്നു.
വിവിധ കമ്പനികളുടെ ബ്രാൻഡുകളുടെ പേരിലായിരിക്കും ഇനി ബസ്സ്റ്റേഷനുകൾ അറിയപ്പെടുക. അൽ ഗുബൈബ, അൽ സത്വ, ഉൗദ് മേത്ത, യൂനിയൻ സ്ക്വയർ, അൽ ജാഫിലിയ തുടങ്ങിയ സ്റ്റേഷനുകൾക്കാണ് സ്വന്തം ബ്രാൻഡിനൊപ്പം പുനർനാമകരണം നൽകാൻ കമ്പനികൾക്ക് അവസരം നൽകുന്നത്.
ബ്രാൻഡുകളുടെ പേരിടാനുള്ള അവകാശ കരാർ വഴി ദുബൈയിലെ സമ്പന്നമായ പൈതൃകവും സംസ്കാരവുമായി ബന്ധപ്പെടാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ചൂണ്ടിക്കാട്ടി. ആസൂത്രിത വികസനത്തിനുള്ള അവസരത്തിലെ ആദ്യ ബാച്ചാണ് പുനർനാമകരണം നടത്തിയ ബസ്സ്റ്റേഷനുകൾ. ദുബൈ എക്സ്പോ-2020 എന്ന ആഗോള ഇവൻറിലേക്ക് യാത്രക്കാരെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള പ്രധാന വികസനമാണിതെന്നും ആർ.ടി.എ വ്യക്തമാക്കി.
ഈ പദ്ധതിയിലൂടെ ആർ.ടി.എ സ്വകാര്യ മേഖലക്ക് ഒരു ദീർഘകാല നിക്ഷേപ അവസരവും എല്ലാ റൈഡറുകളുമായും പരിസര പ്രദേശങ്ങളുമായും ബന്ധിപ്പിക്കാൻ മികച്ചതും നൂതനവുമായ ഒരു പ്ലാറ്റ്ഫോം വികസിപ്പിക്കാനുള്ള അവസരവുമാണ് നൽകുന്നത്. അഞ്ച് വർഷത്തെ അവകാശ കരാറിലാണ് ഏർപ്പെടുന്നത്.
•അൽ ഗുബൈബ
സുഗന്ധവ്യഞ്ജന, ജ്വല്ലറി മാർക്കറ്റുകൾക്ക് സമീപമാണിത്. ചരിത്ര പ്രാധാന്യമുള്ള അൽ ബസ്താകിയയും മീന ബസാറും ഇതിനടുത്താണ്. പ്രധാന ഗതാഗത കേന്ദ്രമായ അൽ ഗുബൈബ വഴി പ്രതിദിനം 85,000 കാൽനടയാത്രക്കാരാണ് കടന്നുപോകുന്നത്.
• അൽ സത് വ
ചെറുകിട വ്യാപാര മേഖലയുടെ ദുബൈയിലെ പ്രധാന കേന്ദ്രമാണ് അൽ സത്വ. തെരുവു വിപണികളാൽ ചുറ്റപ്പെട്ട അൽ സത്വ ബസ്സ്റ്റേഷനെ പ്രതിദിനം ആശ്രയിക്കുന്നത് 65,000ത്തോളം യാത്രക്കാരാണ്.
•ഉൗദ് മെത്ത
മക്തൂം ബ്രിഡ്ജിന് ചുറ്റുമുള്ള പ്രദേശത്ത് അക്കാദമിക് സ്ഥാപനങ്ങളും ആശുപത്രികളും നിരവധിയുള്ള ഉൗദ് മേത്തയിലൂടെ ദിനംപ്രതി 55,000 കാൽനടയാത്രക്കാരാണ് സഞ്ചരിക്കുന്നത്.
• യൂനിയൻ
സർക്കാർ ഓഫിസുകളായ ദുബൈ മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്ന യൂനിയൻ ദേര കമേഴ്‌സ്യൽ ബെൽറ്റിനുള്ളിലെ പ്രധാന സ്ഥലമാണ്.
നയിഫ്, അൽ റാസ് എന്നിവയും സമീപത്താണ്. മൊത്ത വിപണിക്ക് പേരുകേട്ട ഇതുവഴി 45,000 കാൽനട യാത്രക്കാരാണ് കടന്നുപോകുന്നത്.
•അൽ ജാഫിലിയ
ദുബൈയിലെ പ്രധാന പ്രദർശന കേന്ദ്രമായ വേൾഡ് ട്രേഡ് സെൻറർ, വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ദുബൈ ഫ്രെയിം എന്നിവ കേന്ദ്രമായുള്ള ജാഫിലിയയിലാണ് ദുബൈ ഇമിഗ്രേഷനും സബീൽ പാർക്കും. പ്രതിദിനം 45,000 കാൽനട യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.