ദുബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ യു.എ.ഇയിലെ 10 ബാങ്കുകൾക്ക് 35 ശതമാനം ലാഭവർധന. മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിൽ 18.3 ശതകോടിയായാണ് ലാഭം വർധിച്ചത്. ചെലവ് നിയന്ത്രിച്ചതും നിഷ്ക്രിയ ആസ്തികളുടെ മൂല്യം കുറച്ചതുമാണ് വൻ ലാഭവർധനവിന് പിൻബലമേകിയതെന്നാണ് ആഗോള പ്രഫഷനൽ സർവിസ് കമ്പനിയായ അൽവാരസ് ആൻഡ് മർസൽ (എം.എം) നടത്തിയ പഠനത്തിൽ വ്യക്തമായത്.
രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും സുസ്ഥിരമായ വ്യവസായ സാഹചര്യവും അടിവരയിടുന്നതാണ് ലാഭക്ഷമതയിലെ കുതിച്ചുചാട്ടമെന്നാണ് വിലയിരുത്തൽ. പണമിടപാട് കർശനമാക്കുന്നതിനിടയിലും 2022ലെ ആദ്യ പാദത്തിനുശേഷം ആദ്യമായി വായ്പാ വളർച്ചയെ മറികടന്ന്, ഇൻക്രിമെന്റൽ നിക്ഷേപം വർധിച്ചതും അപ്രധാന മേഖലകളിൽനിന്നുള്ള വരുമാനം കൂടിയതും ബാങ്കുകൾക്ക് സഹായകമായി.
കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ഈ പാദവർഷത്തിൽ വായ്പയും മുൻകൂർ പണമിടപാടുകളും 2.0 ശതമാനം വർധിച്ചപ്പോൾ നിക്ഷേപം 6.2 ശതമാനം വർധിച്ചെന്നും അൽവാരസ് ആൻഡ് മർസൽ വ്യക്തമാക്കി. ‘യു.എ.ഇയിലെ ബാങ്കുകളെ സംബന്ധിച്ച് ഈ സാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് മാസങ്ങൾ ഏറെ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞവയാണ്. ഈ വർഷം ഇനിയുള്ള പാദങ്ങളിലും ഇതേ നേട്ടം നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ’ -എ.എം മാനേജിങ് ഡയറക്ടറും മിഡിൽ ഈസ്റ്റ് ഫിനാൻഷ്യൽ സർവിസസ് തലവനുമായ അസദ് അഹമ്മദ് പറഞ്ഞു.
എ ആൻഡ് എം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബാങ്കുകളുടെ മൊത്തം അറ്റപലിശ വരുമാനം (എൻ.ഐ.ഐ) കഴിഞ്ഞ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് 0.4 ശതമാനത്തിന്റെ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം പലിശവരുമാനം 2.8 ശതമാനമായി മാറ്റമില്ലാതെ തുടർന്നു.
നിഷ്ക്രിയ വായ്പയോടൊപ്പം മൊത്തം ആസ്തിയുടെ മൂല്യം 16 ബേസിക് പോയന്റ് വർധിച്ച് 5.4 ശതമാനത്തിലാണ് എത്തിയത്. മുൻനിര 10 ബാങ്കുകളുടെ ആകെ ആസ്തി 2022ൽ 10.6 ശതമാനം വർധിച്ച് 898.89 ബില്യൺ ഡോളറിലെത്തിയിരുന്നു. യു.എ.ഇ സെൻട്രൽ ബാങ്കിന്റെ കണക്കനുസരിച്ച് 2023ൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 3.9 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.