ഫസ്റ്റ് ഗ്ലോബൽ ചലഞ്ചിൽ വെള്ളി മെഡൽ നേടിയ യു.എ.ഇ ടീം
ദുബൈ: റോബോട്ടിക്സ് ഒളിമ്പിക്സ് എന്നറിയപ്പെടുന്ന ‘ഫസ്റ്റ് ഗ്ലോബൽ ചലഞ്ചി’ൽ (എഫ്.ജി.സി) മികച്ച നേട്ടവുമായി യു.എ.ഇ ടീം. സെപ്റ്റംബർ 26 മുതൽ 29 വരെ ഗ്രീസിലെ ഏഥൻസിൽ നടന്ന ചലഞ്ചിൽ 193 രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് ചരിത്രനേട്ടം.
ഞായറാഴ്ച ദുബൈയിൽ നടന്ന ചടങ്ങിൽ ടീമിനെ ആദരിച്ചു. വെള്ളി മെഡലിനൊപ്പം ഫസ്റ്റ് ഗ്ലോബൽ ഗ്രാൻഡ് ചലഞ്ച് അവാർഡ്, സോഷ്യൽ മീഡിയ അവാർഡ്, ഇന്റർനാഷനൽ എൻതൂസിയാസം അവാർഡ് എന്നിവയും യു.എ.ഇ ടീം കരസ്ഥമാക്കിയിട്ടുണ്ട്.
ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം (സ്റ്റം) എന്നീ മേഖലകളിൽ യു.എ.ഇയുടെ വളർച്ചയാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നത്. കൂടാതെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പുതുതലമുറയെ സജ്ജരാക്കുന്നതിൽ യു.എ.ഇയിലെ നേതൃത്വം എത്രത്തോളം മുന്നേറിയെന്നതിന്റെ തെളിവുകൂടിയാണിത്.
വിദ്യാർഥികളായ ധൃതി ഗുപ്ത, സോഹൻ ലാൽവാനി, അർനവ് മെഹ്ത, വിയാൻ ഗാർഗ്, റിതി പഖ്ധർ, ആര്യൻ ചമോലി, പ്രശാന്ത് വെങ്കിടേഷ്, സമർഥ് മൂർത്തി, അർജുൻ ബട്നഗർ എന്നിവരാണ് ടീമംഗങ്ങൾ. കോച്ചുമാരായ അഹിലൻ സുന്ദർരാജ്, മുഹമ്മദ് മുക്താർ, അലൻ ഡികൗത്ത് എന്നിവരുടെ നേതൃത്വത്തിൽ ഒമ്പത് മാസം നീണ്ട പ്രയത്നങ്ങളും പരിശീലനവുമാണ് യു.എ.ഇ ടീമിനെ വിജയത്തിലെക്കുന്നതിൽ നിർണായകമായത്.
സാങ്കേതിക സഹായവും പിന്തുണയും നൽകിയത് യൂനീക് വേൾഡ് റോബോട്ടിക്സ് ആണ്. യു.എ.ഇ ടീമിന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് യുനീക് വേൾഡ് റോബോട്ടിക്സ് സി.ഇ.ഒയും എഫ്.ജി.സി യു.എ.ഇയുടെ ദേശീയ സംഘാടകനുമായ ബൻസാൽ തോമസ് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.