വാഹനങ്ങളിലെ എൻജിൻ തീപിടിത്തം അണക്കുന്നതിനുള്ള സംവിധാനം
ദുബൈ: സ്കൂൾ വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സ്കൂൾ ബസുകളിലും അഗ്നിശമന സംവിധാനം നിർബന്ധമാക്കി. ഏപ്രിൽ 15 മുതൽ നിയമം പ്രാബല്യത്തിൽ വന്നു. എല്ലാ സ്കൂൾ ബസുകളിലും എൻജിൻ തീപിടിത്തം കണ്ടെത്തുന്നതിനും സ്വമേധയാ അണക്കുന്നതിനുമുള്ള നൂതന സംവിധാനം ഘടിപ്പിച്ചിരിക്കണമെന്ന് വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയം വ്യക്തമാക്കി.
ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരമുള്ള ഉപകരണങ്ങൾ മാത്രമേ ഘടിപ്പിക്കാവൂ. പുതിയ നീക്കത്തിലൂടെ ഏകദേശം അഞ്ചു ലക്ഷം കുട്ടികളുടെ ദൈനംദിന യാത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കും. ഏപ്രിൽ 15 മുതൽ വ്യവസായ, നൂതന സാങ്കേതിക വിദ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സംവിധാനമില്ലാത്ത സ്കൂൾ ബസുകൾക്ക് പെർമിറ്റുകൾ നൽകുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് ബന്ധപ്പെട്ട എമിറേറ്റ്സ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റികൾ ഉറപ്പുവരുത്തും.
ആദ്യഘട്ടമെന്ന നിലയിലാണ് എല്ലാ സ്കൂൾ ബസുകളിലും സംവിധാനം നിർബന്ധമാക്കിയത്. വൈകാതെ മറ്റ് ബസുകളിലും വ്യാപിപ്പിക്കാനാണ് പദ്ധതി. ഡ്രൈവർ ഉൾപ്പെടെ 22 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സിംഗിൾ ഡെക്ക്, ഡബിൾ ഡെക്ക് ഉൾപ്പെടെ പുതിയതും നിലവിലുള്ളതുമായ എല്ലാ സ്കൂൾ ബസുകൾക്കും ഈ മാനദണ്ഡം ബാധകമാണ്.
പ്രാഥമികമായി സ്കൂൾ ബസുകളുടെ സുരക്ഷയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും അടുത്ത ഘട്ടം പൊതുഗതാഗത രംഗത്തും മാനദണ്ഡം വ്യാപിപ്പിക്കുമെന്ന് ദുബൈ സിവിൽ ഡിഫൻസിന്റെ എമിറേറ്റ്സ് സേഫ്റ്റി ലബോറട്ടറി ജനറൽ മാനേജർ ഡേവിഡ് കാംബൽ പറഞ്ഞു. ഇതുവഴി രാജ്യത്തെ എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷ ഉപകരണങ്ങളുടെ ദാതാക്കളായ താബ്റയുമായി സഹകരിച്ച് യു.കെ ആസ്ഥാനമായ കമ്പനി സുരക്ഷ ഉപകരണം ബസുകളിൽ ഘടിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 17,000 ബസുകളിൽ ഉപകരണം ഘടിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവരെ 2500 ബസുകളിൽ സംവിധാനം ഘടിപ്പിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.