ദുബൈ: യു.എ.ഇയിൽ താമസക്കാരായ കുടുംബങ്ങൾക്ക് സൗജന്യമായി ഫസ ഡിസ്കൗണ്ട് മെമ്പർഷിപ്പ് കാർഡ് നേടാൻ അവസരം. സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനും കുടുംബങ്ങളുടെ ക്ഷേമവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനുമായി ‘ഫസ’യും കുടുംബ മന്ത്രാലയവും ചേർന്നാണ് കുടുംബ വർഷം 2026ന്‍റെ ഭാഗമായി പുതിയ സംരംഭം പ്രഖ്യാപിച്ചത്. ഫസ കാർഡ് നേടുന്നവർക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള 34,000 ചെറുകിട ഷോപ്പുകളിൽ നിരവധി ഇളവുകളും ഓഫറുകളുമാണ് വാഗ്ദാനം ചെയ്യുന്നത്.
കൂടാതെ ഫസ സ്റ്റോറുകൾ വഴി 28,000 ഭക്ഷ്യ, ഉപഭോക്തൃ ഉത്പന്നങ്ങൾക്ക് വൻ വിലക്കിഴിവ്, ലോകമെങ്ങുമുള്ള 5,000ത്തിലധികം ഹോട്ടലുകളിൽ ‘ഫസ അമാകീൻ’ സേവനം വഴി താമസത്തിനും യാത്ര പാക്കേജുകൾക്കും ഇളവുകൾ, ഫസ മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾക്കും വിനോദ പരിപാടികൾക്കും 70 ശതമാനം വരെ കിഴിവ് എന്നിവയും ലഭിക്കും. www.fazaa.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി യു.എ.ഇയിലെ യോഗ്യരായ കുടുംബങ്ങൾക്ക് ഫസ ഡിസ്കൗണ്ട് അംഗത്വത്തിനായി അപേക്ഷിക്കാം.
കുറഞ്ഞത് ഒരു കുട്ടിയെങ്കിലും ഉള്ള കുടുംബങ്ങൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. ‘കുടുംബ വർഷം 2026’ സംരംഭം അവസാനിക്കുന്നത് വരെ മെമ്പർഷിപ്പ് സാധുവായിരിക്കും. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഡിജിറ്റൽ കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനും പ്രത്യേക സാങ്കേതിക സഹായ സംഘത്തേയും അധികൃതർ നിയോഗിച്ചിട്ടുണ്ട്.
സമൂഹത്തിന്‍റെ ക്ഷേമം ആരംഭിക്കുന്നത് ഓരോ കുടുംബത്തിന്‍റെയും ക്ഷേമത്തിൽ നിന്നാണെന്നാണ് യു.എ.ഇ വിശ്വസിക്കുന്നതെന്ന് കുടുംബ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഹെസ്സ അബ്ദുറഹ്മാൻ തഹ്ലക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.