പൊലീസ്​ പിടികൂടിയ പ്രതികൾ

​പ്രതിരോധ വിഡിയോ പ്രചരിപ്പിക്കൽ: യു.എ.ഇയിൽ 25 പേർ കൂടി അറസ്റ്റിൽ

അബൂദബി: രാജ്യത്തെ വ്യോമ ​പ്രതിരോധ സേനകൾ നടത്തുന്ന നീക്കങ്ങൾ ചിത്രീകരിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവ ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 25 പേർ കൂടി അറസ്റ്റിലായി. വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ളവരാണ്​ പ്രതികൾ. ഇതോടെ ഇത്തരം കേസിൽ അറസ്റ്റിലായവരുടെ എണ്ണം 80 ആയി. കഴിഞ്ഞ ദിവസം അബൂദബിയിൽ 45 പേരും ദുബൈയിൽ പത്തുപേരും അറസ്റ്റിലായിരുന്നു. യു.എ.ഇ അറ്റോണി ജനറൽ ഡോ. ഹമദ്​ സെയ്​ഫ്​ അൽ ശംസിയുടെ നിർദേശമനുസരിച്ചാണ്​ കൂടുതൽ പേരെ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. ദേശീയ പ്രതിരോധ നീക്കങ്ങൾക്ക്​ ദോഷകരമാവുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും രാജ്യത്തിനെതിരായ സൈനിക ആക്രമണങ്ങളെ മഹത്വവത്​കരിക്കുന്നതുമായ ഉള്ളടക്കങ്ങൾ​ പ്രതികൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രതികൾ മൂന്ന്​ വിഭാഗങ്ങളായി തിരിഞ്ഞാണ്​ വ്യത്യസ്ത രീതികളിൽ വ്യാജ ഉള്ളടക്കം പ്രചരിപ്പിച്ചിരുന്നത്​.

പൊതുജനങ്ങളുടെ സമാധാനം തകർക്കുന്നതിനും അസ്ഥിരതക്ക്​ പ്രേരിപ്പിക്കുന്നതിനുമായി വ്യാജ വിവരങ്ങളും കൃത്രിമ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത്​ തടയാൻ ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിൽ അധികൃതർ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്​. നിലവിലെ സംഭവങ്ങളുടെ യഥാർഥ വിഡിയോ പ്രചരിപ്പിക്കൽ, ക്രത്രിമ ബുദ്ധി സാ​ങ്കേതികവിദ്യകൾ ഉപയോഗിച്ച്​ വ്യാജ വിഡിയോ നിർമിക്കൽ, രാജ്യത്തിന്​ എതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിന്‍റെ നേതാക്കളെ മഹത്വവത്​കരിക്കുകയും ചെയ്യുക തുടങ്ങിയ നടപടികൾ കടുത്ത നിയമലംഘനമായാണ്​ പരിഗണിക്കുക. ഒരു വർഷം തടവും ലക്ഷം ദിർഹം പിഴയുമാണ്​ ശിക്ഷ.

വ്യോമ മേഖലകളിൽ സൈന്യം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെയും അതിന്‍റെ അന്തര ഫലങ്ങളുടെയും യഥാർഥ വിഡിയോ ആണ്​ പ്രതികളിൽ ഒരു വിഭാഗം പ്രചരിപ്പിച്ചത്​. ഈ സംഭവങ്ങൾ നിരീക്ഷിക്കുന്ന വ്യക്തികളുടെ വിഡിയോകളും അവർ ചിത്രീകരിച്ചിരുന്നു. പൊതുജനങ്ങളുടെ ഉത്കണ്ഠയും പരിഭ്രാന്തിയും ഉണർത്തുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും സൗണ്ട്​ ഇഫക്റ്റുകളും വിഡിയോയിൽ കൂട്ടിച്ചേർത്തതായും അധികൃതർ കണ്ടെത്തി.

എ.ഐ ഉപയോഗിച്ച്​ കൃത്രിമ വിഡിയോ നിർമിക്കുകയോ രാജ്യത്തിന്​ പുറത്തുനടന്ന സംഭവങ്ങളുടെ വിഡിയോ രാജ്യത്ത്​ നടന്നതാണെന്ന്​ രീതിയിൽ പ്രചരിപ്പിക്കുകയോ ആണ്​ രണ്ടാമത്തെ വിഭാഗം പ്രതികൾ നടത്തിയ നിയമലംഘനം. മൂന്നാമത്തെ വിഭാഗം നടത്തിയത്​ ആക്രമണകാരികളുടെ നേതാക്കളെ മഹത്വവൽകരിക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിക്കലാണെന്നും അധികൃതർ വ്യക്തമാക്കി. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അറ്റോർണി ജനറൽ ഉത്തരവിട്ടിരിക്കുകയാണ്​.

Tags:    
News Summary - 25 more people arrested in UAE for spreading anti-government video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT