നൂലുകൾ കൊണ്ട് കഥ പറയുന്ന ജസ്ന

ചില ഇഷ്ടങ്ങൾ അങ്ങനെയാണ്; നമ്മൾ അത് തേടിപ്പിടിച്ചു ചെയ്യുമ്പോൾ കിട്ടുന്ന ഒരു സമാധാനമുണ്ട്, അത് വാക്കുകൾക്ക് അപ്പുറമാണ്. യു.എ.ഇയിലെ തിരക്കുകൾക്കിടയിൽ ജസ്ന എന്ന അധ്യാപിക കണ്ടെത്തിയതും അത്തരമൊരു സമാധാനമാണ്. ഒരു നൂലും സൂചിയും കൈയ്യിലെടുത്താൽ ജസ്നയുടെ ലോകം മാറും. അവിടെ കുഞ്ഞിയുടുപ്പുകളും വർണാഭമായ ഹെയർ ബാൻഡുകളും വിസ്മയങ്ങൾ തീർക്കും.

വെറുമൊരു ഹോബിയായി തുടങ്ങിയതല്ല ജസ്‌ന ഈ കല. തന്‍റെ മകളെ ഒരുക്കാൻ നല്ലൊരു ഹെയർ ബാൻഡ് തിരഞ്ഞു നടന്ന ഒരമ്മയുടെ കൗതുകമാണ് ഇന്ന് ക്രോഷേയും മക്രമേയും പഞ്ച് നീഡിലിംഗുമൊക്കെയായി ഒരു വലിയ ലോകത്തേക്ക് തന്നെയെത്തിച്ചത്. എം.എസ്​സിയും ബി.എഡും ഒക്കെയുള്ള ഒരു അധ്യാപികയായിട്ടും ജസ്ന എന്തിനാണ് നൂലും കൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചവർക്ക് മുന്നിൽ നൂലുകൾകൊണ്ട് തന്നെ മറുപടി നൽകുകയാണ് ഈ മലപ്പുറത്തുകാരി. ജസ്നയ്ക്ക് ഇത് വെറുമൊരു പണിയല്ല, മനസ്സിന് സന്തോഷം നൽകുന്ന നൂലുകളുടെ ഒരു മാന്ത്രിക ലോകമാണ്.

2010ലാണ് ജസ്ന യു.എ.ഇയിൽ എത്തുന്നത്. അധ്യാപികയായിരുന്നെങ്കിലും മക്കളെ നോക്കാൻ വേണ്ടി ജോലിയിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്തു. 2013ൽ മകൾ ജനിച്ചപ്പോൾ അവൾക്ക് ഇടാൻ നല്ല ഹെയർ ബാൻഡുകൾ കടകളിൽ കിട്ടാനില്ലായിരുന്നു. വിദേശ രാജ്യങ്ങളിലെ കുട്ടികൾ ഇടുന്ന തരം ബാൻഡുകൾക്കായി തിരഞ്ഞപ്പോൾ ഒന്നിന് 25 ദിർഹം വരെ വില! അങ്ങനെയാണ് ഇത് തനിക്ക് സ്വന്തമായി ഉണ്ടാക്കിക്കൂടെ എന്ന് ജസ്ന ചിന്തിക്കുന്നത്. പക്ഷേ, അത് എങ്ങനെ പഠിക്കും എന്നതായിരുന്നു വലിയ ചോദ്യം.

ഇന്നത്തെപ്പോലെ വിരൽത്തുമ്പിൽ യൂട്യൂബ് വീഡിയോകളോ സഹായിക്കാൻ സോഷ്യൽ മീഡിയയോ അന്നില്ല. ആരോട് ചോദിച്ചിട്ടും ആരും കൃത്യമായി പറഞ്ഞു കൊടുക്കാനും തയ്യാറായിരുന്നില്ല. എന്നാൽ തോറ്റുകൊടുക്കാൻ ജസ്ന ഒരുക്കമല്ലായിരുന്നു. നീണ്ട തിരച്ചിലുകൾക്കൊടുവിൽ യു.എ.ഇയിൽ തന്നെ ക്രോഷേ പഠിപ്പിക്കുന്ന ഒരാളെ ജസ്ന കണ്ടെത്തി. ആ സമയം ജസ്നയുടെ മകൾക്ക് വെറും നാല് മാസവും മകന് മൂന്ന് വയസ്സും മാത്രമായിരുന്നു പ്രായം. ആ കൊച്ചു മക്കളെയും കൊണ്ട് എട്ടു ദിവസത്തെ ക്ലാസിന് പോകുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. പക്ഷേ, ഭർത്താവ് മുഹ്‌സിൻ ജസ്നയ്ക്ക് കരുത്തായി കൂടെനിന്നു. ജസ്ന ക്ലാസ്സിലിരിക്കുമ്പോൾ കൈക്കുഞ്ഞുമായി അടുത്തുള്ള പാർക്കിൽ കാത്തിരുന്ന് അദ്ദേഹം ജസ്നയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു.

ക്രോഷേ പഠിച്ചെടുക്കുക എന്നത് തുടക്കത്തിൽ അത്ര എളുപ്പമുള്ള പണിയായിരുന്നില്ല, എങ്കിലും സ്റ്റിച്ചുകളൊക്കെ പഠിച്ചെടുത്തതോടെ ഒന്നുകൂടെ ഇഷ്ടത്തോടെ ചെയ്യാൻ തുടങ്ങി ജസ്‌ന. ഡിസൈനറായ സഹോദരിക്കൊപ്പമാണ് നാട്ടിൽ ജസ്ന തന്‍റെ ഹെയർബാൻഡുകളും കുഞ്ഞു ഷൂസുകളും ആദ്യമായി ഒരു എക്സിബിഷനിൽ വെക്കുന്നത്. തന്‍റെ കൈവിരുതിൽ വിരിഞ്ഞ ആ കുഞ്ഞു കുഞ്ഞു വർക്കുകൾക്ക് ആളുകളിൽ നിന്ന് ലഭിച്ച സ്നേഹവും പ്രശംസയും ജസ്നയ്ക്ക് വലിയ ആത്മവിശ്വാസം നൽകി. ജസ്ന വെറുമൊരു ക്രോഷേ ആർട്ടിസ്റ്റ് മാത്രമല്ല. നൂലുകൾ കൊണ്ട് ചെയ്യാവുന്ന പല വിദ്യകളും ജസ്നയ്ക്ക് അറിയാം. എപ്പോഴും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുക എന്നത് ജസ്നയ്ക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. ക്രോഷേയിൽ മാത്രം ഒതുങ്ങിനിൽക്കാതെ പുതിയതെന്തും പഠിക്കാൻ തയ്യാറായിരുന്നു. അങ്ങനെയാണ് ക്രോഷേ പോലെ തന്നെ മനോഹരമായ ‘മക്രമെ’ ജസ്ന പഠിച്ചെടുക്കുന്നത്. പിന്നീട് 2024ൽ ദുബൈയിൽ വെച്ച് നടന്ന ഒരു വർക്ക്ഷോപ്പിലൂടെ പഞ്ച് നീഡിലിംഗും ജസ്ന പഠിച്ചെടുത്തു.

പഠിച്ച ഓരോ കാര്യവും കൃത്യമായി മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിലാണ് ജസ്നക്ക് കൂടുതൽ താത്പര്യം. വില്പന നടത്തുന്നതിനേക്കാൾ എനിക്ക് സന്തോഷം മറ്റൊരാളെ ഇത് പഠിപ്പിക്കുമ്പോഴാണ് എന്ന് ജസ്ന പറയുന്നു. ഒരു അധ്യാപികയായതുകൊണ്ട് തന്നെ ട്യൂട്ടോറിയൽ വീഡിയോകൾ ചെയ്യാനും ക്ലാസുകൾ എടുക്കാനും ജസ്നയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ ജസ്ന പങ്കുവെച്ച വീഡിയോകൾക്ക് വലിയ റീച്ച് കിട്ടിയതോടെയാണ് ‘ക്ലാസ് എടുക്കാമോ’ എന്ന അന്വേഷണങ്ങളുമായി ആളുകൾ എത്തിത്തുടങ്ങിയത്.

ഇന്ന് ഓൺലൈനായും ഓഫ്‌ലൈനായും നിരവധി വർക്ക്‌ഷോപ്പുകൾ ജസ്ന നടത്തുന്നുണ്ട്. വീട്ടമ്മമാരും കുട്ടികളുമാണ് ജസ്ന പഠിപ്പിക്കുന്നവരിൽ അധികവും. ഫോണിൽ സമയം കളയുന്ന കുട്ടികൾക്ക് ക്രോഷേ ഒരു മികച്ച വിനോദമാണെന്ന് ജസ്ന പറയുന്നു. ‘കുട്ടികളൊക്കെ ഇപ്പോൾ അടിപൊളിയായി ക്രോഷേ ചെയ്യുന്നുണ്ട്’ എന്ന് അഭിമാനത്തോടെയാണ് ജസ്ന പറയുന്നത്. ഇനി ക്രോഷേ, മക്രമെ, പഞ്ച് നീഡിലിംഗ് എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ വർക്ക്‌ഷോപ്പുകൾ ചെയ്യണമെന്നാണ് ആഗ്രഹം. എം.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയും, മലപ്പുറം ജില്ലാ എം.എസ്.എഫ് കമ്മിറ്റി പ്രഥമ പ്രസിഡന്‍റും, എഴുത്തുകാരനുമായ മലയിൽ മുഹമ്മദ്‌ കുട്ടിയുടെയും പുളിക്കൽ അന്തിയൂർകുന്ന് എ.എം.എൽ.പി സ്കൂളിലെ റിട്ടയേർഡ് ഹെഡ്‌മിസ്ട്രസ്സ് ആമിന കുട്ടി ടീച്ചറുടെയും മകളാണ് ജസ്‌ന. ഇന്ന് ഉപ്പ തന്നോടൊപ്പമില്ലെങ്കിലും ഉപ്പ നൽകിയ പ്രോത്സാഹനമാണ് ജസ്നയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഊർജ്ജം. ജസ്നയുടെ ഓരോ വർക്കിലും ഭർത്താവും മക്കളും സപ്പോർട്ട് നൽകി കൂടെയുണ്ട്. ഉമ്മ നൂലുകൾ കൊണ്ട് വിസ്മയം തീർക്കുന്നത് കണ്ടു വളർന്ന മകളും ഇന്ന് ക്രോഷേയിൽ മിടുക്കിയാണ്. വലിയ ഓർഡറുകൾ വരുമ്പോൾ ആറാം ക്ലാസ്സുകാരിയായ മകൾ ആമിന സൂനയും ഉമ്മയെ സഹായിക്കാൻ കൂടും. ഷാർജ ഇന്ത്യൻ സ്കൂളിൽ ആറാം ക്ലാസ്സിലാണ് ആമിന സൂന പഠിക്കുന്നത്. പഠിച്ച കാര്യങ്ങൾ വെറുതെ കളയാതെ, നൂലുകളിലൂടെ പുതിയൊരു ലോകം പടുത്തുയർത്തുകയാണ് ഈ കലാകാരി. മാനസിക സമ്മർദം മാറ്റാനും മനസ്സിന് സന്തോഷം നൽകാനും ഇതുപോലൊരു ഹോബി എല്ലാവർക്കും വേണമെന്നാണ് ജസ്ന പറയുന്നത്. 57കെ ഫോളോവേഴ്സ്‌ ഉള്ള twine_tales_ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോകൾ പങ്കുവെക്കാറുള്ളത്. മാസിൻ, ആമിന സൂന, ഖദീജ നൂർ മക്കൾക്കും ഭർത്താവ് മലപ്പുറം കിഴുപറമ്പ് സ്വദേശി മുഹ്‌സിൻ കരനത്തിനുമൊപ്പം ഷാർജയിലാണ് താമസം.

Tags:    
News Summary - Jasna, who tells stories with yarn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT