ദുബൈ: ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിലിനെ മുസ്ലിം ലീഗിൽ നിന്നും പോഷക സംഘടനകളിൽ നിന്നും പുറത്താക്കാൻ കാരണം കെ.എം.സി.സിയിലെ ക്രമക്കേടും തർക്കവും. നിലവിലെ കമ്മിറ്റിയുടെ സാമ്പത്തിക ഇടപാടുകൾ, മിഡ്ൽ ഈസ്റ്റ് ചന്ദ്രികയുടെ നടത്തിപ്പ്, പഴയ കമ്മിറ്റിക്കെതിരായി പൊലീസിൽ നൽകിയ പരാതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എളേറ്റിലിന്‍റെ പുറത്താക്കലിന് വഴിവെച്ചത്. എന്നാൽ, പഴയ കമ്മിറ്റിയിലെ ക്രമേക്കട് പുറത്തു കൊണ്ടുവന്നതാണ് പുറത്താക്കലിന് കാരണമെന്ന് എളേറ്റിൽ പക്ഷവും ആരോപിക്കുന്നു.
മിഡ്ൽ ഈസ്റ്റ് ചന്ദ്രികക്ക് വൻ ബാധ്യതയുണ്ടാക്കിയതും യു.എ.ഇയിൽ പത്രത്തിന്‍റെ പ്രവർത്തനം നിർത്താനും കാരണം എളേറ്റിലിന്‍റെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ദുബൈയിലെ പ്രസിൽ ചന്ദ്രികക്ക് 40 ലക്ഷം ദിർഹമിന്‍റെ (എട്ട് കോടി രൂപ) ബാധ്യതയുണ്ട്. വിതരണ ഏജൻസിക്ക് എട്ട് ലക്ഷം ദിർഹം (1.60 കോടി രൂപ) നൽകാനുണ്ട്. ചന്ദ്രികക്കായി അഞ്ച് ലക്ഷം ദിർഹം (ഒരു കോടി രൂപ) യു.എ.ഇയിലെ ബാങ്കിൽ നിന്ന് വായ്പയെടുത്തിട്ടുണ്ട്. നഷ്ടം നികത്താനെന്ന പേരിൽ വൻ തുക വാങ്ങി അഞ്ച്, 10 വർഷത്തേക്ക് വരിക്കാരെ ചേർക്കുകയും ചെയ്തു. പത്രം പൂട്ടിയതോടെ ഈ തുക തിരികെ നൽകാൻ കഴിയാതെയായി. ഇതെല്ലാം മിഡ്ൽ ഈസ്റ്റ് ചന്ദ്രികയുടെ ചുമതലയുണ്ടായിരുന്ന എളേറ്റിലിന്‍റെ പിടിപ്പുകേടാണെന്ന് എതിർപക്ഷം ആരോപിക്കുന്നു.
ഇവയെല്ലാം മുസ്ലീം ലീഗ് നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപെടുത്തിയതോടെ മാസങ്ങൾക്ക് മുൻപ് ആക്ടിങ് പ്രസിഡന്‍റായി ഇബ്രാഹിം മുറിച്ചാണ്ടിയെ നിയമിച്ചു. അൻവർ നഹയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ കമ്മിറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എളേറ്റിൽ ദുബൈ പൊലീസിൽ പരാതി നൽകിയതും നേതൃത്വത്തെ ചൊടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കെ.എം.സി.സി നേതാക്കളെ ചോദ്യം ചെയ്തിരുന്നു. സംഘടനക്കുള്ളിൽ നിൽക്കേണ്ട വിഷയം പൊതുസമൂഹത്തിലും പൊലീസിലും എത്തിച്ചുവെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഇതും എളേറ്റിലിനെതിരെ നടപടിയെടക്കുന്നതിലേക്ക് നേതൃത്വത്തെ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.