സഞ്ജയ് ഷാ

സഞ്ജയ് ഷായുടെ കൈമാറ്റം; കോടതിവിധിക്കെതിരെ അപ്പീൽ

ദുബൈ: ഡെന്മാർക്കിൽ 170 കോടി ഡോളർ തട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം നേരിടുന്ന ബ്രിട്ടീഷ് പൗരൻ സഞ്ജയ് ഷായെ നാടുകടത്തുന്നത് തടഞ്ഞ കോടതിവിധിക്കെതിരെ അപ്പീലുമായി ദുബൈ അറ്റോർണി ജനറൽ. സഞ്ജയ് ഷാക്ക് ദുബൈയിൽ തുടരാൻ കോടതി തിങ്കളാഴ്ചയാണ് അനുമതി നൽകിയത്. ഡെന്മാർക്കിന്‍റെ ആവശ്യമനുസരിച്ച് തട്ടിപ്പ് കേസിൽ പ്രതിയായ ഇയാളെ ദുബൈ പൊലീസ് ജൂണിലാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, കോടതി ദുബൈയിൽ തുടരാൻ അനുമതി നൽകിയതോടെ നാടുകടത്തുന്നത് തടസ്സപ്പെട്ടിരിക്കയാണ്.

അറ്റോർണി ജനറൽ ഇസാം ഈസ അൽ ഹുമൈദാൻ സമർപ്പിച്ച അപ്പീലിൽ ഉയർന്ന കോടതിയാണ് വാദം കേൾക്കുക. അന്താരാഷ്ട്ര ജുഡീഷ്യൽ സഹകരണ നിയമപ്രകാരമുള്ള അധികാരം അനുസരിച്ചാണ് അറ്റോർണി ജനറലിന്‍റെ അപ്പീൽ. നികുതിവെട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന ഇയാളെ കുറ്റവാളികളെ കൈമാറുന്ന അന്താരാഷ്ട്ര ധാരണപ്രകാരമാണ് ദുബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഡെന്മാർക്ക് സർക്കാറിന് വേണ്ടി പ്രവർത്തിക്കുന്ന യു.എ.ഇ പ്രോസിക്യൂട്ടർമാർ കുറ്റവാളികളെ കൈമാറുന്നതിനുള്ള രേഖകൾ ശരിയായി സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നാടുകടത്തൽ തടഞ്ഞത്. ഈ വിധി വന്നതോടെ സഞ്ജയ് ഷായെ മോചിപ്പിക്കാൻ അദ്ദേഹത്തിന്‍റെ അഭിഭാഷകർ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ, വ്യാഴാഴ്ച ഡെന്മാർക്ക് സർക്കാർ ഫയൽചെയ്ത കേസിൽ ദുബൈ കോടതി ഇദ്ദേഹത്തോട് 125 കോടി ഡോളർ തിരികെ നൽകണമെന്ന് വിധിച്ചിട്ടുണ്ട്. ദുബൈ പാം ജുമൈറയിലെ ഒരു വില്ലയിൽ താമസിച്ചിരുന്ന സഞ്ജയ് ഷാ നിലവിൽ തടങ്കലിൽ തുടരുകയാണ്.

Tags:    
News Summary - Exile of Sanjay Shah; Appeal against judgment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.