ശിൽപങ്ങൾ കാഴ്ച്ചയിലേക്ക് കടന്നുവരുന്നത് പലരൂപത്തിലും ഭാവത്തിലും ആയിരിക്കും. എന്നാൽ അവ മനസ്സിൽ സൃഷ്ടിക്കുന്ന കാറ്റും കോളും അതിനേക്കാൾ അപ്പുറത്താണെന്ന് പറയാം. പിക്കാസോയുടെ സൃഷ്ടികളിലെ ക്യൂബിക് രീതികളിലൂടെ കടന്നുപോയി അദ്ദേഹത്തിന്‍റെ തന്നെ ക്രിസ്റ്റൽ കാലഘട്ടത്തിലേക്ക് ഒന്നു പ്രവേശിച്ച് നേരെ ഗ്വേർണിക്കയിലേക്ക് കടന്നു ചെല്ലുക, ഒരേ സമയം യുദ്ധവും പ്രകൃതിയും മനുഷ്യനും അനുഭവിക്കുന്ന മനസ്സിന്‍റെ കുടമാറ്റങ്ങൾ അവിടെ കാണാം. അതിർത്തികളും ആർത്തികളും സൃഷ്ടിക്കുന്ന ഭീകരതകൾ അവ നിറമിട്ട് കാണിച്ചുതരും.
യുദ്ധത്തിനെതിരെ ഒരു ചിത്രം നിവർന്നുനിന്ന് പ്രതികരിക്കുന്നത് കാണുമ്പോൾ, ആധുനിക കാലത്തെ രാഷ്ട്രീയ അടിമത്തങ്ങളും ദുഷ്പ്രചരണങ്ങളും ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കും. പറഞ്ഞുവന്നത് പിക്കോസോയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളുടെ ചിത്രമാലകൾ കണ്ടാസ്വദിക്കുന്നതിനുള്ള അവസരം യു.എ.ഇ നിവാസികൾക്ക് വന്നു ചേർന്നിരിക്കുകയാണ്. 130-ലധികം കലാസൃഷ്ടികളുമായി, ‘പിക്കാസോ, ദി ഇമേജ് ഓഫ് ഫോം’ എന്ന പ്രദർശനം ലൂവ്രെ അബൂദബിയിൽ സന്ദർശകർക്കായി വാതിലുകൾ തുറന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള കലാകാരന്മാരിൽ ഒരാളെ എടുത്തുകാണിക്കുകയും, പിക്കാസോയുടെ ആദ്യകാല ക്യൂബിസ്റ്റ് പരീക്ഷണങ്ങളിൽ നിന്ന്, ക്ലാസിക്കൽ പെയിന്റിങുകളിലൂടെയും സർറിയലിസ്റ്റ് കൃതികളിലൂടെയും, തന്റെ കലാജീവിതത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ അദ്ദേഹം സൃഷ്ടിച്ച ധീരമായ പെയിന്റിങുകളിലേക്കുള്ള നിറങ്ങളുടെ പ്രയാണമാണ് അബൂദബിയിൽ നടക്കുന്നത്.
മെയ് 31 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ, അറബ് ലോകത്തെ ആധുനിക കലയിൽ പിക്കാസോ ചെലുത്തിയ സ്വാധീനവും യൂറോപ്പിന്റെ അതിർത്തികൾ കടന്നുള്ള ഈ സ്വാധീനത്തിന്റെ പ്രതിധ്വനിയും എടുത്തുകാണിക്കുന്ന ആറ് അറബ് കലാകാരന്മാരുടെ പ്രധാന കൃതികളും വിവിധ വിഭാഗങ്ങളിലായി ഉൾപ്പെടുന്നു. ഇറാഖി കലാകാരന്മാരായ ദിയ അസാവി, ജവാദ് സലിം, ഷേക്കർ ഹസ്സൻ അൽ സെയ്ദ് എന്നിവരുടെ ചിത്രങ്ങളും ഈജിപ്ഷ്യൻ കലാകാരൻ റാംസെസ് യൂനാൻ എന്നിവരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. അൾജീരിയൻ കലാകാരിയായ ബയ മഹിയദ്ദീന്റെ ഒരു നിറമുള്ള സെറാമിക് സൃഷ്ടിയും പ്രദർശിപ്പിക്കും. 1947ൽ പാരീസിലെ ‘മൈറ്റ്’ ഗാലറിയിൽ നടന്ന അവരുടെ പ്രദർശനം സർറിയലിസ്റ്റ് കലാകാരന്മാരുടെയും പിക്കാസോയുടെയും ശ്രദ്ധ ആകർഷിച്ചു, ഇത് അവർ തമ്മിലുള്ള പങ്കിട്ട കലാപരമായ കൈമാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.
പിക്കാസോയുടെ രൂപ വികാസത്തെ പുരാണ ആദിരൂപങ്ങളുമായി ബന്ധിപ്പിക്കുന്ന അഞ്ച് തീമാറ്റിക് വിഭാഗങ്ങളായി പ്രദർശനത്തെ തിരിച്ചിരിക്കുന്നു. കറ്റാലൻ ശില്പവും ആഫ്രിക്കയിലെയും ഓഷ്യാനിയയിലെയും കലകളുമായുള്ള അദ്ദേഹത്തിന്റെ ആദ്യകാല പരിചയങ്ങൾ അദ്ദേഹത്തിന്റെ അസാധാരണമായ രൂപ ലളിതവൽക്കരണങ്ങളെയും ക്യൂബിസത്തിന്റെ ആവിർഭാവത്തെയും രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചു. യുദ്ധാനന്തരം ക്ലാസിക്കൽ സ്കൂളിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവും ശ്രദ്ധേയമാണ്. മിനോട്ടോർ പുരാണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സർറിയലിസത്തിലെ സങ്കര ജീവികൾ, പരിവർത്തനത്തിലും രൂപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കൽപ്പത്തിൽ അന്തർലീനമായ മാനസിക പിരിമുറുക്കങ്ങളിലും പിക്കാസോ എത്രമാത്രം അഭിനിവേശമുള്ളവനാണെന്ന് വെളിപ്പെടുത്തുന്നു. 1930കൾ മുതൽ, അദ്ദേഹത്തിന്റെ കൃതികളിൽ പ്രത്യക്ഷപ്പെടുന്ന രൂപങ്ങൾ കൂടുതൽ വലുതും പ്രമുഖവുമായി മാറിയിരിക്കുന്നു, ചരിത്രാതീതകാലത്തെ ഭീമാകാരമായ പ്രതിമകളെയും സംഘർഷങ്ങളുടെ വൈകാരിക ഭാരത്തെയും അനുസ്മരിപ്പിക്കുന്നു.
‘ഗ്വേർണിക്ക’ എന്ന പെയിന്റിങിന്റെ പൂർത്തീകരണം രേഖപ്പെടുത്തുന്ന ഡോറ മാറിന്റെ ഫോട്ടോഗ്രാഫുകളും ഇറാഖി കലാകാരിയായ ദിയ അസാവിയുടെ ‘എലിജി ഫോർ മൈ ബെസീജ്ഡ് സിറ്റി’ (2011) എന്ന ചിത്രവും പ്രദർശനത്തിലെ ശ്രദ്ധേയമായ കൃതികളിൽ ഉൾപ്പെടുന്നു. രാഷ്ട്രീയ വ്യാഖ്യാനത്തിനുള്ള ഒരു ഉപകരണമായി കലയെ അവർ ഉപയോഗിക്കുന്നതിലെ സമാനതകൾ ഇവ കാണിക്കുന്നു. അവസാന വിഭാഗം പിക്കാസോയുടെ പിൽക്കാല കൃതികളെ ഒരുമിച്ച് കൊണ്ടുവരുന്നു. അവ കടുപ്പമുള്ള നിറങ്ങൾ, സ്വതന്ത്രമായ വരകൾ, ഒന്നിലധികം വീക്ഷണകോണുകൾ എന്നിവയാൽ വേർതിരിച്ചിരിക്കുന്നു, നൈറ്റ്‌സ്, ഗ്ലാഡിയേറ്റർമാർ, മറ്റ് ആദിരൂപങ്ങൾ എന്നിവയുടെ രൂപങ്ങളെ പ്രതിഫലിപ്പിക്കുന്നു. അങ്ങനെ അദ്ദേഹത്തിന്റെ സ്പാനിഷ് ഐഡന്റിറ്റിയിലേക്ക് മടങ്ങുന്നു. ഫ്രാൻസ്, ഖത്തർ, ലബനാൻ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കൃതികളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൂവ്രെ അബൂദബി ശേഖരത്തിൽ നിന്നുള്ള ഏഴ് കൃതികളും, അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പിന്റെ ശേഖരത്തിൽ നിന്നുള്ള ആറ് കൃതികളും മറ്റ് കലാസൃഷ്ടികളും ഇതിൽ ഉൾപ്പെടുന്നു.
സൂപ്പർവൈസർമാർ
പാരീസിലെ പിക്കാസോ നാഷണൽ മ്യൂസിയത്തിന്റെ പ്രസിഡന്റ് സെസിൽ ഡെബ്രെ, പാരീസിലെ പിക്കാസോ നാഷണൽ മ്യൂസിയത്തിലെ സീനിയർ ക്യൂറേറ്ററും ശിൽപ-സെറാമിക്സ് മേധാവിയുമായ വിർജിനി പെർഡ്രിസോട്ട്-കാസിൻ, ലൂവ്രെ അബൂദബിയിലെ അസോസിയേറ്റ് എക്സിബിഷൻ കോർഡിനേറ്റർ ആയിഷ അൽ-അഹ്മദി എന്നിവർ ചേർന്നാണ് ‘പിക്കാസോ, ഇമാജിനിംഗ് ഫോം’ എന്ന പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. പ്രദർശനം കാണുന്നതിന് മുമ്പ് അവയെ കുറിച്ചൊരു ധാരണ നല്ലതാണ്. ആസ്വദനത്തെ അത് കൂടുതൽ നിറമുള്ളതാക്കി മാറ്റും.
ഗ്വേർണിക്ക
യുദ്ധത്തിന്റെ ദുരന്തസ്വഭാവവും, മനുഷ്യർക്ക്, വിശേഷിച്ച് നിർദോഷികളായ അസൈനികർക്ക് അതു വരുത്തുന്ന കെടുതികളും ചിത്രീകരിക്കുകയാണ് ഈ രചനയിൽ പിക്കാസോ ചെയ്തത്. കാലക്രമേണ അസാമാന്യമായ പ്രശസ്തി കൈവരിച്ച ഈ ചിത്രം യുദ്ധദുരന്തത്തിന്റെ നിത്യസ്മാരകവും, യുദ്ധവിരുദ്ധചിഹ്നവും, സമാധാനദാഹത്തിന്റെ മൂർത്തരൂപവും ആയി മാനിക്കപ്പെടാൻ തുടങ്ങി. പൂർത്തിയായ ഉടനെ ലോകമെമ്പാടും കൊണ്ടുനടന്ന് പ്രദർശിക്കപ്പെട്ട ഗ്വേർണിക്ക എല്ലായിടത്തും പ്രശംസിക്കപ്പെട്ടു. ഗ്വേർണിക്കയുടെ ഈ പര്യടനം സ്പെനിയിലെ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരതയിലേക്ക് ലോകശ്രദ്ധ ആകർഷിക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു. ഇന്നും യുദ്ധങ്ങളുടെ മുന്നിൽ അരുതെന്ന് പറഞ്ഞ് നിൽക്കാറുണ്ട് ഈ ചിത്രം. എക്കാലത്തും അതങ്ങനെ തുടർന്ന് കൊണ്ടിരിക്കും.
ക്യൂബിസം
പിക്കാസോയും ജോർജെസ് ബ്രാക്കും കൂടി, തവിട്ടുനിറവും നിഷ്പക്ഷമായ മറ്റു നിറങ്ങളും (ന്യൂട്രൽ കളേഴ്സ്) ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത രചനാ രീതിയാണ് വിശ്ലേഷണ ക്യൂബിസം (അനാലിറ്റിക് ക്യൂബിസം). രണ്ട് കലാകാരന്മാരും, അവരുടെ വസ്തുക്കളെ വിഷയങ്ങളെ ഘടക രൂപങ്ങളായി വിശ്ലേഷണം ചെയ്ത് ചിത്രീകരിക്കാൻ ആരംഭിച്ചു. അതുകൊണ്ടുതന്നെ അക്കാലത്തെ പികാസോയുടേയും, ബ്രാക്ക്വയുടേയും ചിത്രങ്ങളിൽ ചെറിയ സാമ്യങ്ങൾ കാണാം. സംശ്ലേഷണ ക്യൂബിസം (സിന്തെറ്റിക് ക്യബിസം) എന്നത് ഈ ശൈലിയുടെ മറ്റൊരു രൂപമാണ്. വർണക്കടലാസുകൾ ചിത്രങ്ങൾ, പത്രങ്ങളിലെ പടങ്ങൾ വാർത്തകൾ എന്നിവ പലരീതിയിൽ മുറിച്ചെടുത്ത ശേഷം അവയെ നിശ്ചിത ആശയപ്രകാശനത്തിനായി സംയോജിപ്പിക്കുന്ന ശൈലിയാണ് ഇത്. കോളാഷുകളുടെ ആദ്യകാല രൂപമാണിതെന്ന് അനുമാനിക്കപ്പെടുന്നു.
ക്രിസ്റ്റൽ
ജാമിതീയ ആകൃതികൾ പ്രത്യേകിച്ച് , സമചതുരങ്ങൾ, ത്രികോണങ്ങൾ, ദീർഘചതുരങ്ങൾ, ഇവയുടെ ത്രിമാന രൂപങ്ങൾ എന്നിവ ഉപയോഗിച്ചുള്ള ചിത്ര രചന രീതിയാണിത്. പൈപ്പ്, ഗിത്താർ ഗ്ലാസ്സുകൾ എന്നിവയെ ഇത്തരത്തിൽ ചിത്രീകരിക്കുന്ന വേളയിൽ കൊലാഷിന്റെ അംശവും കലർത്തപ്പെട്ടു. ചതുരാകൃതിയിൽ ചെത്തിമിനുക്കപ്പെട്ട ഈ വജ്രങ്ങൾക്ക് മേൽ-കീഴ് വ്യത്യാസങ്ങളില്ലെന്ന് ജോൺ റിചാർഡ്സൺ അഭിപ്രായപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.