വിശ്വജിത്തിന്റെ രചനകൾ
സമൂഹത്തോടുള്ള തന്റെ നിലപാടുകളും പ്രതിബദ്ധതയും വിശ്വജിത്തിന്റെ കലാസൃഷ്ടികളിൽ പ്രകടമാണ്
ജീവസ്സുറ്റ തന്റെ ചിത്രങ്ങളിലൂടെ പ്രവാസ ലോകത്തെ കുരുന്നു മനസുകളിൽ നന്മയുടെ വിത്തുകൾ പാകുകയാണ് കെ.ആർ വിശ്വജിത്ത് എന്ന കലാകാരൻ. അൽഐനിലെ ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ ചിത്രകലാ അധ്യാപകനാണിദ്ദേഹം. മനുഷ്യരിലെ പൈശാചികമായ ചിന്തകളേയും വാസനകളെയും നിശിതമായി വിമർശിക്കുന്ന കലാരചനകളാണ് വിശ്വജിത്തിന്റേത്. സമൂഹത്തോടുള്ള തന്റെ നിലപാടുകളും പ്രതിബദ്ധതയും അദ്ദേഹത്തിന്റെ കലാസൃഷ്ടികളിൽ എന്നും പ്രകടമാണ്. സമൂഹത്തിൽ നടക്കുന്ന അക്രമം, അരാജകത്വം, പാർശ്വവൽക്കരണം, മനുഷ്യന്റെ ദുഷ് പ്രവൃത്തികൾ എന്നിവയെ വിമർശിക്കുന്നതിനും തിരുത്തുന്നതിനുമുള്ള ആയുധമെന്ന നിലയിലാണ് സർഗ രചനകളെ അദ്ദേഹം നോക്കിക്കാണുന്നത്. മനുഷ്യരെ വളരെ ചെറുതും മൃഗങ്ങളെ വളരെ വലുതുമായി കാണിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ഇതിനുദാഹരണമാണ്. ചിത്രരചനയോടൊപ്പം ഒരു മികച്ച പുല്ലാംകുഴൽ വാദകനും ചെണ്ടവാദ്യകലാകാരനും കൂടിയാണ് വിശ്വജിത്ത്. സ്വയം പഠിച്ചെടുത്ത പുല്ലാംകുഴൽ കൊണ്ട് ധാരാളം വേദികളിൽ നാദ വിസ്മയം തീർത്തു കൊണ്ടിരിക്കുകയാണ്.
കേരളത്തിനകത്തും പുറത്തും ധാരാളം ചിത്രപ്രദർശനങ്ങളിൽ ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. 2023ല് കൊല്ലത്ത് നടന്ന പ്രൊഫസർ ടെൻസിങ് ജോസഫ് ക്യൂറേറ്റ് ചെയ്ത ‘അഴി’ എന്ന ചിത്ര കലാപ്രദർശനത്തിൽ സാന്നിധ്യമറിയിച്ചിരുന്നു. കൂടാതെ ലളിതകലാ അക്കാദമിയുടെ ക്യാമ്പുകളിലും എക്സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്. വിശ്വജിത്തിന്റെ ചിത്രങ്ങളും ഡ്രോയിങ്ങുകളും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ്. വളരെ ചെറുപ്രായത്തിൽ തന്നെ ചിത്രകലാസപര്യ ആരംഭിച്ച വിശ്വജിത്തിനെ തേടി ധാരാളം അംഗീകാരങ്ങളും പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. ചെന്നിത്തല പെരുമ പുരസ്കാരം, കേരള ലളിതകലാ അക്കാദമിയുടെ സ്കോളർഷിപ്പ്, കേരള സർക്കാർ ഫെലോഷിപ്പ് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
കൂടാതെ ക്രിയേറ്റീവ് പെയിന്റിങ്, മോഡേൺ, റിയലിസ്റ്റിക് തുടങ്ങിയ ചിത്രകല രീതികൾ അദ്ദേഹം അനായാസം കൈകാര്യം ചെയ്യും. ഏത് മനുഷ്യരെ കണ്ടാലും മിനിറ്റുകൾകൊണ്ട് അനായാസം അവരുടെ മുഖം ക്യാൻവാസിൽ പകർത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അത്ഭുതപ്പെടുത്തുന്നതാണ്. ചാർക്കോൾ, പെൻസിൽ, വാട്ടർ കളർ, ഓയിൽ പെയിന്റിങ്, ഓയിൽ പേസ്റ്റൽ, കളർ പെൻസിൽ, ഗ്ലാസ് പെയിന്റ്, അക്രലിക് തുടങ്ങിയവയിൽ അദ്ദേഹം തീർത്ത വർണ്ണ വിസ്മയങ്ങൾ ഏറെ ആകർഷകമാണ്. സമൂഹ മാധ്യമങ്ങളിലും ഇദ്ദേഹം സജീവസാന്നിധ്യമാണ്. Viswajith Art എന്ന പേരിലുള്ള യൂട്യൂബ് ചാനൽ ഏറെ ജനശ്രദ്ധ നേടുന്ന ഒന്നാണ്. ഏകദേശം 560ൽ പരം ആർട്ട് വർക്കുകളുടെയും ക്രാഫ്റ്റ് വർക്കുകളുടെയും വീഡിയോകളാണ് ഇതിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും കലാസ്നേഹികൾക്കും ഉൾപ്പെടെ എല്ലാവർക്കും മാനസിക ഉല്ലാസവും അറിവും പ്രദാനം ചെയ്യുന്ന കലാരചനകളാണ് ഇതിൽ ഏറെയും.
രാജാ രവിവർമ കോളജിൽ നിന്ന് ബിരുദവും രാജാരവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്ടിൽ നിന്ന് ചിത്രകലയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ചിത്രകല വെറും ഉല്ലാസത്തിന് മാത്രമല്ല കുട്ടികളുടെ ഭൗതികവികാസത്തിനും പഠനത്തിനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൂടാതെ കല മനുഷ്യരെ ശുദ്ധമാക്കുകയും സ്വയം ചിന്തനയ്ക്ക് വിധേയരാക്കുന്നുവെന്നും വിശ്വജിത്ത് പറയുന്നു.
ആലപ്പുഴ മാവേലിക്കര കൊച്ചുകുഴുവേലിൽ വീട്ടിൽ രവികുമാർ വിജയലക്ഷ്മി ദമ്പതികളുടെ മൂത്ത മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.