ഇന്ത്യൻ മധ്യവർഗ കുടുംബങ്ങളുടെ സ്വപ്നങ്ങളിൽ എക്കാലത്തും ഒന്നാം സ്ഥാനത്തുള്ള പേരാണ് ഐ.ഐ.ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി). ‘മോൻ എവിടെയാണ് പഠിക്കുന്നത്?’ എന്ന ചോദ്യത്തിന് ‘ഐ.ഐ.ടിയിലാണ്’ എന്ന് മറുപടി പറയുന്നതിലെ അഭിമാനം, അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. വർഷങ്ങളായി, കടുപ്പമേറിയ ജെ.ഇ.ഇ പരീക്ഷയുടെ നൂൽപ്പാലം കടന്ന്, ഇന്ത്യയിലെ വിവിധ ക്യാമ്പസുകളിൽ അഡ്മിഷൻ നേടുക എന്നത് മാത്രമായിരുന്നു ഈ സ്വപ്നത്തിലേക്കുള്ള ഏക വഴി. എന്നാൽ കാലം മാറി. നമ്മുടെ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ ഇനി ഇന്ത്യയിലേക്ക് വിമാനം കയറേണ്ടതില്ല. ഐ.ഐ.ടി ഡൽഹി എന്ന ആഗോള ബ്രാൻഡ് ഇപ്പോൾ നമ്മുടെ തൊട്ടരികിൽ, അബൂദബിയിൽ എത്തിയിരിക്കുകയാണ്. ഇതൊരു സാധാരണ ഓഫ്-കാമ്പസ് അല്ല, മറിച്ച് പ്രവാസികൾക്കും വിദ്യാർഥികൾക്കും മുമ്പിൽ തുറക്കപ്പെട്ട അതിവിശാലമായ അവസരങ്ങളുടെ വാതിലാണ്.
ഇതൊരു ‘ഫ്രാഞ്ചൈസി’ അല്ല
പലർക്കുമുള്ള പ്രധാന സംശയം, ‘ഇതൊരു ഓഫ് കാമ്പസ് അല്ലേ, സർട്ടിഫിക്കറ്റിന് വിലയുണ്ടാകുമോ?’ എന്നതാണ്. ആ സംശയം ആദ്യം തന്നെ മാറ്റിവെക്കാം. നിങ്ങൾ പഠിക്കുന്നത് അബൂദബിയിലാണെങ്കിലും, കോഴ്സ് പൂർത്തിയാക്കുമ്പോൾ നിങ്ങളുടെ കൈയിൽ ലഭിക്കുന്നത് സാക്ഷാൽ ഐ.ഐ.ടി ഡൽഹിയുടെ ബിരുദ സർട്ടിഫിക്കറ്റാണ്. ‘അബൂദബി കാമ്പസ്’ എന്ന് അതിൽ പ്രത്യേകം രേഖപ്പെടുത്തില്ല. ഇന്ത്യയിൽ പഠിച്ചിറങ്ങുന്ന അതേ മൂല്യം, അതേ പദവി, അതേ അലുമ്നി സ്റ്റാറ്റസ്.
എന്താണ് പഠിക്കാൻ അവസരം?
ഭാവിയിലെ തൊഴിൽ വിപണി മുന്നിൽ കണ്ടുകൊണ്ട്, വളരെ സൂക്ഷ്മമായി തിരഞ്ഞെടുത്ത മൂന്ന് ബി.ടെക് കോഴ്സുകളാണ് ഇവിടെയുള്ളത്:
1. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്(സി.എസ്.ഇ):
ഇന്നത്തെ കാലത്ത് ആർക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത കോഴ്സ്. ലോകം മുഴുവൻ ഡിജിറ്റൽ ആയിക്കൊണ്ടിരിക്കുമ്പോൾ, കോഡിങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ സയൻസും പഠിക്കാൻ ഇതിലും മികച്ചൊരു ചോയ്സ് വേറെയില്ല.
2. എനർജി എൻജിനീയറിങ്:
ഇതൊരു ‘സ്ട്രാറ്റജിക്’ ചോയ്സാണ്. ഗൾഫ് രാജ്യങ്ങൾ എണ്ണയിൽ നിന്ന് ഗ്രീൻ എനർജിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. സൗരോർജ്ജം, വിൻഡ് എനർജി, സസ്റ്റൈനബിലിറ്റി എന്നിവയിൽ വൈദഗ്ധ്യമുള്ള എൻജിനീയർമാർക്ക് വരും വർഷങ്ങളിൽ ഗൾഫിലും യൂറോപ്പിലും വൻ ഡിമാൻഡായിരിക്കും.
3. കെമിക്കൽ എൻജിനീയറിങ്:
പുതിയതായി ആരംഭിച്ച കോഴ്സ്. യു.എ.ഇ എന്നത് പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബാണ്. അബൂദബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) പോലുള്ള വമ്പൻ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ കെമിക്കൽ എൻജിനീയറിങ് പഠിച്ചിറങ്ങുന്നവർക്ക് ജോലിക്ക് പുറകെ നടക്കേണ്ടി വരില്ല. ഇവ കൂടാതെ ഗവേഷണത്തിൽ താൽപ്പര്യമുള്ളവർക്ക് എം.ടെക്, പി.എച്ച്ഡി സൗകര്യങ്ങളും ലഭ്യമാണ്.
അഡ്മിഷൻ:
പ്രവാസികൾക്കൊരു ‘ലോട്ടറി’:
ഇവിടെയാണ് ഈ കാമ്പസ് ചരിത്രം തിരുത്തുന്നത്. സാധാരണ ഐ.ഐ.ടിയിൽ ചേരാൻ ജെ.ഇ.ഇ അഡ്വാൻസ്ഡ്’ എന്ന അതികഠിനമായ കടമ്പ കടക്കണം. എന്നാൽ അബൂദബി കാമ്പസിലേക്ക് രണ്ട് വഴികളുണ്ട്:
വഴി 1: ഇന്ത്യയിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾക്ക് ഇപ്പോഴും പഴയ രീതി തന്നെയാണ്. അവർ ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതി, മികച്ച റാങ്ക് നേടി ജോസ കൗൺസിലിങ് വഴി അബൂദബി കാമ്പസ് തിരഞ്ഞെടുക്കണം.
വഴി 2: യു.എ.ഇ/പ്രവാസി വിദ്യാർഥികൾക്ക് (Residents/Expats) ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതേണ്ടതില്ല. അവർക്കായി CAET (Combined Admission Entrance Test) എന്ന പുതിയൊരു പരീക്ഷയുണ്ട്. പെൻ ആൻഡ് പേപ്പർ മോഡിൽ നടക്കുന്ന, ഫിസിക്സ്-കെമിസ്ട്രി-മാത്സ് അടിസ്ഥാനമാക്കിയുള്ള ഈ പരീക്ഷ, ജെ.ഇ.ഇയുടെ അത്രയും സമ്മർദ്ദമില്ലാതെ കുട്ടികൾക്ക് എഴുതാം. പ്രവാസികളുടെ മക്കൾക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണിത്.
പണം ഇങ്ങോട്ട് കിട്ടുന്ന പഠനം:
വിദേശ സർവകലാശാലകളിൽ പഠിക്കാൻ കോടികൾ ലോൺ എടുക്കുന്ന മാതാപിതാക്കൾ ഈ ഭാഗം ശ്രദ്ധിക്കുക. മിടുക്കരായ വിദ്യാർഥികൾക്ക് ഇങ്ങോട്ട് പണം നൽകി പഠിപ്പിക്കുന്ന രീതിയാണ് ഇവിടെയുള്ളത്.
സൗജന്യ പഠനം: CAET വഴി പ്രവേശനം നേടുന്നവരിൽ, മികച്ച റാങ്കും അക്കാദമിക് നിലവാരവും (CGPA 8.0+) ഉള്ളവർക്ക് 100ശതമാനം ട്യൂഷൻ ഫീസിളവ് ലഭിക്കും. തൊട്ടുതാഴെയുള്ളവർക്ക് 50തമാനം ഫീസിളവും ലഭിക്കും.
മാസം പോക്കറ്റ് മണി: ഇത് വെറും വാഗ്ദാനമല്ല. ഇന്ത്യയിൽ നിന്ന് ജെ.ഇ.ഇ വഴി വരുന്ന കുട്ടികൾക്ക് മാസം 2,000 ദിർഹം(ഏകദേശം 45,000 ഇന്ത്യൻ രൂപ) സ്റ്റൈപ്പൻഡ് ആയി ലഭിക്കും. കൂടാതെ സൗജന്യ താമസവും, വർഷത്തിലൊരിക്കൽ നാട്ടിൽ പോകാൻ 4,000 ദിർഹം വരെ ട്രാവൽ അലവൻസും ലഭിക്കും. പ്രവാസി വിദ്യാർഥികൾക്കും മെറിറ്റ് അടിസ്ഥാനത്തിൽ സ്റ്റൈപ്പൻഡുകൾ ലഭ്യമാണ്.
ജോലി സാധ്യതകൾ: പഠിച്ചിറങ്ങുമ്പോൾ തന്നെ യുഎഇയിലെ വമ്പൻ കമ്പനികളിൽ ഇന്റേൺഷിപ്പും ജോലിയും നേടാം. ഗൾഫിലെ ‘ടാക്സ് ഫ്രീ’(Tax-Free) ശമ്പളം ഇന്ത്യയിലെ പാക്കേജുകളേക്കാൾ എത്രയോ മടങ്ങായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും സന്ദർശിക്കുക: iitdabudhabi.ac.ae
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.