ദുബൈ: ലോകത്തെ ഏറ്ററവും സുരക്ഷിതമായ സേവനങ്ങൾ നൽകുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേസ് ഒന്നാമത്. ലോകത്തെ 320 വിമാനകമ്പനികളുടെ സുരക്ഷ, ഓപറേഷൻസ്, ഗുണനിലവാരം എന്നിവ വിലയിരുത്തി തയാറാക്കിയ എയൽലൈൻ റേറ്റിങ്സ് 2026ന്‍റെ റിപ്പോർട്ടിലാണ് നേട്ടം രേഖപ്പെടുത്തിയത്. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് പട്ടികയിൽ അഞ്ചാംസ്ഥാനവും നേടിയിട്ടുണ്ട്.
ഫ്ലൈദുബൈ ബജറ്റ് എയർലൈനുകളുടെ വിഭാഗത്തിൽ സുരക്ഷയിൽ നാലാം സ്ഥാനവും കൈവരിച്ചു. ആഗോളതലത്തിൽ വ്യോമയാന മേഖലയിൽ സുരക്ഷിതവും മികച്ചതുമായ സേവനങ്ങളിലൂടെ യു.എ.ഇ നേടിയ വളർച്ചയെയാണ് നേട്ടം അടിവരയിടുന്നത്. മേഖലയിൽനിന്ന് ഖത്തർ എയർവേസും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് ഒരു ഗൾഫ് എയർലൈൻ എയർലൈൻ സുരക്ഷ റാങ്കിങിൽ ഒന്നാം സ്ഥാനം നേടുന്നതെന്ന് അധികൃതർ പറഞ്ഞു. ലോകമെമ്പാടുമുള്ള എയർലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന മാനദണ്ഡമായിട്ടാണ് വാർഷിക റാങ്കിങ് വിലയിരുത്തപ്പെടുന്നത്. മൊത്തം വിമാനങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ സംഭവങ്ങൾ, ഫ്ലീറ്റ് പ്രായം, പൈലറ്റ് പരിശീലനം, വിമാനങ്ങളുടെ എണ്ണം, അന്താരാഷ്ട്ര സുരക്ഷാ ഓഡിറ്റുകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് റേറ്റിങ് പട്ടിക തയാറാക്കുന്നത്.
കാത്തേ പസഫിക്, ക്വാണ്ടാസ്, ഖത്തർ എയർവേസ്, സിംഗപ്പൂർ എയർലൈൻസ്, വിർജിൻ അറ്റ്ലാന്റിക്, എ.എൻ.എ, ബ്രിട്ടീഷ് എയർവേയ്‌സ് എന്നിവയുൾപ്പെടെ പ്രധാന ആഗോള വിമാനക്കമ്പനികളെ പിന്തള്ളിയാണ് ഇത്തിഹാദ് റാങ്കിങിൽ മുന്നിലെത്തിയത്. പുതിയ വിമാനങ്ങൾ, ശക്തമായ കോക്ക്പിറ്റ് സുരക്ഷാ സംവിധാനങ്ങൾ, മികച്ച ടർബുലൻസ് മാനേജ്മെന്റ്, ലിസ്റ്റിലുള്ള എല്ലാ എയർലൈനുകളേക്കാളും ഏറ്റവും കുറഞ്ഞ അപകട നിരക്ക് എന്നിവയാണ് ഇത്തിഹാദ് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. 2026ലെ ഏറ്റവും സുരക്ഷിതമായ 25 ചെലവ് കുറഞ്ഞ എയർലൈനുകളിൽ ജെറ്റ്‌സ്റ്റാർ, സ്‌കൂട്ട്, ഈസിജെറ്റ്, വിസ് എയർ ഗ്രൂപ്, റയാനെയർ, എയർഏഷ്യ, സൗത്ത്‌വെസ്റ്റ് എന്നിവ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.