അബൂദബി: ഇത്തിഹാദ് റെയിലിന്റെ അതിവേഗ യാത്രാ ട്രെയ്ൻ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ അബൂദബിയില്‍ നിന്ന് ദുബൈയില്‍ എത്താന്‍ കേവലം 30 മിനിറ്റ് മാത്രം മതിയാവും. 17 വര്‍ഷമായുള്ള യു.എ.ഇയുടെ സ്വപ്നപദ്ധതി അടുത്ത വര്‍ഷം മുതല്‍ യാഥാര്‍ഥ്യമാവുമെന്നാണ് കരുതുന്നത്. റെയിൽ ശൃംഖലയുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
പാസഞ്ചര്‍ സ്റ്റേഷനുകളുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്. 2009 ജൂണില്‍ തുടക്കം കുറിച്ച ഇത്തിഹാദ് റെയില്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ യു.എ.ഇയുടെ ഗതാഗതരംഗത്തിന്റെ മുഖച്ഛായ തന്നെ മാറും. വിവിധ എമിറേറ്റുകള്‍ക്കിടയില്‍ ചരക്ക് നീക്കവും പാസഞ്ചര്‍ ഗതാഗതവും ഇത്തിഹാദ് റെയില്‍ സുഗമമാക്കും.
1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ 2030ഓടെ ആറുകോടിയിലേറെ ടണ്‍ ചരക്കും 365 കോടി യാത്രികരെയും ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അബൂദബി സൗദി അതിര്‍ത്തിയായ ഗുവീഫത്തില് നിന്ന് തുടങ്ങി ഫുജൈറ വരെ നീളുന്നതാണ് ഇത്തിഹാദ് റെയില്‍ ശൃംഖല. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2016 മുതല്‍ ഷാഹില്‍ നിന്നും ഹബ്ഷാനില്‍ നിന്നും സള്‍ഫര്‍ ഗ്രാന്യൂളുകള്‍ റുവൈസിലേക്ക് കൊണ്ടുപോവുന്നുണ്ട്.
264 കിലോമീറ്റര്‍ പാതയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായത്. 2023ല്‍ ഏഴ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന 900 കിലോമീറ്റര്‍ റെയില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. ഇതോടെ രാജ്യത്തുടനീളമൂള്ള ചരക്ക് നീക്കം യാഥാര്‍ഥ്യമായിരുന്നു. മൂന്നാം ഘട്ടത്തില്‍ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാന്‍ ജി.സി.സി റെയില്‍ ശൃംഖലയാണ് പൂര്‍ത്തിയാവുക.
അബൂദബിയിലെ ഖലീഫ തുറമുഖം, ദുബൈയിലെ ജബല്‍ അലി തുറമുഖം, ഫുജൈറയിലെ തുറമുഖം, അബൂദബിയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റി, അല്‍ റുവൈസ്, ഗുവീഫത്ത് എന്നിങ്ങനെ പ്രമുഖ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ചരക്ക് നീക്കം നടത്തുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാവും യാത്രാതീവണ്ടികള്‍ സഞ്ചരിക്കുക. സാധാരണ ഗതിയില്‍ അബൂദബിയില്‍ നിന്ന് ദുബൈ എത്താന്‍ 50 മിനിറ്റ് എടുക്കുന്നുണ്ട്. ട്രെയിന്‍ സര്‍വീസ് പ്രാവര്‍ത്തികമാവുന്നതോടെ 20 മിനിറ്റ് ലാഭിക്കാനാവും.
നല്ല ഇരിപ്പിടം, വൈഫൈ, ചാര്‍ജിങ് പോയിന്റുകള്‍, ഭക്ഷണ പാനീയ സേവനങ്ങള്‍ അടക്കമുള്ള മികച്ച സൗകര്യങ്ങളാണ് ട്രെയിനില്‍ സജ്ജീകരിച്ചിട്ടുള്ളത്. അബൂദബി, ദുബൈ, ഷാര്‍ജ, ഫുജൈറ എന്നിവയാണ് പ്രധാന സ്റ്റേഷനുകള്‍. ബിസിനസ് ക്ലാസ് ലോഞ്ചുകളും റീട്ടെയില്‍ ഔട്ട്ലെറ്റുകള് കുടുംബ സൗഹൃദ സൗകര്യങ്ങളുമൊക്കെ ഇവിടെയുണ്ടാവും.
ഇമാറാത്തി പൈതൃകത്തില്‍ ഊന്നിയാണ് പാസഞ്ചര്‍ സ്റ്റേഷനുകളുടെ നിര്‍മാണം. ഒരു ട്രെയിനില്‍ 400 പേര്‍ക്ക് സഞ്ചരിക്കാനാവും. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കോണമി എന്നിങ്ങനെ മൂന്നു രീതിയിലാണ് സീറ്റുകള്‍ സംവിധാനിച്ചിട്ടുള്ളത്. അബൂദബിയില്‍ നിന്ന് അല്‍ ദഫ്റ മേഖലയിലെ അല്‍ ധന്നയിലേക്കാവും പാസഞ്ചര്‍ ട്രെയിന്റെ ആദ്യ യാത്ര. എന്നാല്‍ ഇതിന്റെ തിയ്യതി ഇനിയും തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.