അബൂദബി: ഈ വര്‍ഷം അവസാനത്തോടെ 1,500ലേറെ പേരെ റിക്രൂട്ട് ചെയ്യാന്‍ യു.എ.ഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ്. ഈ വര്‍ഷം 1,685 തൊഴിലാളികളെ ജോലിക്കെടുത്തതിന് ശേഷമാണ് മറ്റൊരു റിക്രൂട്ട്മെന്റിന് കൂടി ഒരുങ്ങുന്നതെന്ന് എയര്‍വേസ് ഉദ്യോഗസ്ഥ ഡോ. നാദിയ ബസ്തകി അറിയിച്ചു. പൈലറ്റ്, കാബിന് ക്രൂ, എന്‍ജിനീയർമാർ മുതലായ പ്രധാന പദവികളിലേക്കാണ് നിയമനം.
നിലവില്‍ 12,000ത്തോളം ജീവനക്കാരാണ് ഇത്തിഹാദിനുള്ളത്. 2030ഓടെ കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ നിലവിലെ ജീവനക്കാരുടെ എണ്ണവും ഇരട്ടിയാവുമെന്നാണ് കരുതുന്നതെന്ന് അവര്‍ വിശദീകരിച്ചു. കഴിഞ്ഞവര്‍ഷം മാത്രം 16 പുതിയ കേന്ദ്രങ്ങളിലേക്കാണ് ഇത്തിഹാദ് സര്‍വിസ് തുടങ്ങിയത്.
നിലവില്‍ 101 വിമാനങ്ങളും കമ്പനിക്കുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മാത്രം ലോകത്തുടനീളമായി നാലായിരത്തിലേറെ പേരെ ജോലിക്കെടുത്തതായും ഡോ. നാദിയ ബസ്തകി പറഞ്ഞു. 250നും 300നും ഇടയില്‍ സ്വദേശികളെ വര്‍ഷം തോറും നിയമിച്ച് അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ആയിരത്തിലേറെ സ്വദേശികളെ റിക്രൂട്ട് ചെയ്യാനും ഇത്തിഹാദിന് പദ്ധതിയുണ്ട്. ഇതില്‍ 70 ശതമാനത്തോളം പൈലറ്റുമാരും 20 ശതമാനത്തോളം നിയമനം എയര്‍പോര്‍ട്ട് മാനേജര്‍ പദവികളിലുമാവും.
യാത്രക്കാരുടെ എണ്ണം അധികരിച്ചതോടെ 2025ന്റെ ആദ്യപാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതല്‍ ലാഭം കൈവരിച്ചതായും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.
2024ന്റെ ആദ്യ മൂന്നു മാസത്തില്‍ 526 ദശലക്ഷം ദിര്‍ഹമായിരുന്നു ഇത്തിഹാദ് എയര്‍വേസിന്റെ ലാഭം. 2025ല്‍ ഇത് 685 ദശലക്ഷം ദിര്‍ഹമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2025ലെ ആദ്യ പാദത്തില്‍ പാസഞ്ചര്‍, കാര്‍ഗോ വിഭാഗങ്ങളില്‍നിന്നായി 606 കോടി ദിര്‍ഹമാണ് ഇത്തിഹാദിന്റെ മൊത്തം വരുമാനം. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 15 ശതമാനം വളര്‍ച്ചയാണ് എയര്‍വേസ് ഈ വര്‍ഷം നേടിയത്. പാസഞ്ചര്‍ വരുമാനത്തില്‍ 16 ശതമാനം വളര്‍ച്ച കൈവരിച്ച ഇത്തിഹാദ് 505 കോടി ദിര്‍ഹം കൈവരിച്ചു.
കാര്‍ഗോ വരുമാനത്തില്‍ 8 ശതമാനം വളര്‍ച്ചയാണ് എയര്‍വേസ് നേടിയത്. പാസഞ്ചര്‍ ഗതാഗതത്തില്‍ 16 ശതമാനം വളര്‍ച്ച കൈവരിച്ചു. 2030ഓടെ എയര്‍വേസിന്റെ വിമാനങ്ങളുടെ എണ്ണം 170 ആക്കി ഉയര്‍ത്തുക, പ്രതിവര്‍ഷ യാത്രികരുടെ എണ്ണം മൂന്നിരട്ടി വര്‍ധിപ്പിച്ച് 3.3 കോടിയായി ഉയര്‍ത്തുക എന്ന ഏഴുവര്‍ഷ വളര്‍ച്ചാ അജണ്ട 2023ല്‍ ഇത്തിഹാദ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.