ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികൾ
ദുബൈ: നീറ്റ് പരീക്ഷയെഴുതി യു.എ.ഇയിലെ വിദ്യാർഥികളും. മൂന്ന് എമിറേറ്റിലെ നാല് കേന്ദ്രങ്ങളിലായി 1600ഓളം കുട്ടികളാണ് പരീക്ഷ ഹാളിലെത്തിയത്. ഫിസിക്സ് ഒഴികെയുള്ള വിഷയങ്ങൾ എളുപ്പമായിരുന്നുവെന്നാണ് ഭൂരിപക്ഷം വിദ്യാർഥികളും അഭിപ്രായപ്പെട്ടത്. മോക് ടെസ്റ്റുകളിലെ ചോദ്യങ്ങൾ വന്നതിന്റെ സന്തോഷവും കുട്ടികൾ പങ്കുവെച്ചു.
ദുബൈ ഊദ് മേത്തയിലെ ഇന്ത്യൻ ഹൈസ്കൂൾ, ദുബൈ അബൂഹെയ്ൽ ഹോർലാൻസ് ഭവൻസ് പേൾ വിസ്ഡം സ്കൂൾ, ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ, അബൂദബി ആഡിസ് മുറൂർ സ്കൂൾ എന്നിവിടങ്ങളിലാണ് പരീക്ഷ നടന്നത്. 700ഓളം വിദ്യാർഥികൾ പരീക്ഷയെഴുതിയ ദുബൈയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ എത്തിയത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ദുബൈയിൽ ഇക്കുറി രണ്ട് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷയെങ്കിൽ ഇക്കുറി കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിഞ്ഞ ആശ്വാസത്തിലാണ് വിദ്യാർഥികൾ എത്തിയത്.
ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിൽ സെന്ററുകൾ ഉള്ളതിനാൽ കുട്ടികൾക്ക് ദീർഘദൂര യാത്ര ഒഴിവാക്കി പരീക്ഷ ഹാളിലെത്താൻ കഴിഞ്ഞു. അബൂദബി ഇന്ത്യൻ എംബസിയുടെയും ദുബൈയിലെ കോൺസുലേറ്റിന്റെയും മേൽനോട്ടത്തിലാണ് പരീക്ഷ നടന്നത്. വിദേശരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സെന്ററുകൾ യു.എ.ഇയിലാണ്. ഗൾഫിൽ ആകെ ഒമ്പത് കേന്ദ്രങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.