അബൂദബി: സംരക്ഷിത സമുദ്രമേഖലകളിൽ പാരിസ്ഥിതിക നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി. മുത്തുച്ചിപ്പി വാരുന്നതടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജലജീവികളെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരക്ഷിത പ്രദേശത്ത് മത്സ്യബന്ധനവും വേട്ടയും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുള്ളതാണ്.
റാസ് ഗനാദാ, സഅദിയാത്ത് മറൈന്‍ നാഷനല്‍ പാര്‍ക്ക്, മറാവ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്, അല്‍ യാസത് പ്രൊട്ടക്ടഡ് ഏരിയ എന്നിവയാണ് അബൂദബിയിലെ സമുദ്ര സംരക്ഷിത മേഖലകള്‍. അധികൃതരുടെ അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തുന്നതും സമുദ്ര വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതും 1000 ദിര്‍ഹം പിഴ ചുമത്തപ്പെടാവുന്ന കുറ്റമാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിക്കും. സമുദ്ര സംരക്ഷിത മേഖലകളിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെങ്കില്‍ കൂടുതല്‍ ശിക്ഷകള്‍ ചുമത്തും.
വന്യ, സമുദ്രജീവികളെ വേട്ടയാടുകയോ കടത്തുകയോ കൊല്ലുകയോ അല്ലെങ്കില്‍ അവയെ ഉപദ്രവിക്കുകയോ ചെയ്യുക, അല്ലെങ്കില്‍ അവയെ ഉന്മൂലനം ചെയ്യുന്നതിലേക്ക് നയിക്കുന്ന പ്രവൃത്തികള്‍ ചെയ്യുക, ജന്തുജാലങ്ങളുടെയും സസ്യജാലങ്ങളുടെയും സ്വാഭാവിക ആവാസവ്യവസ്ഥയായി കണക്കാക്കപ്പെടുന്ന പ്രദേശങ്ങള്‍ നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യുക, സംരക്ഷിത മേഖലയില്‍ വിദേശ ഇനങ്ങളെ എത്തിക്കുക, സംരക്ഷിത മേഖലയിലെ മണ്ണും ജലവും വായുവും മലിനീകരിക്കുക, സൈനിക നീക്കങ്ങളും വെടിവെപ്പ് പരിശീലനവും നടത്തുക, മരങ്ങള്‍ വെട്ടുകയോ മണ്ണ് നശിപ്പിക്കുകയോ ചെയ്യുക, ജീവജാലങ്ങളെ കൊല്ലുകയോ അപായപ്പെടുത്തുകയോ അല്ലെങ്കില്‍ പ്രകൃതിക്ക് ദോഷം ചെയ്യുന്ന വിനോദ, കായിക പരിപാടികള്‍ സംഘടിപ്പിക്കുക, സംരക്ഷിത മേഖലയിലെ സ്വാഭാവിക സന്തുലനാവസ്ഥയെ നശിപ്പിക്കുന്ന ഏതൊരു പ്രവര്‍ത്തനങ്ങൾ എന്നിവ ഈ മേഖലകളിൽ നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.