മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോൺ സന്ദർശിക്കുന്നു
ഫുജൈറ: യു.എ.ഇ ഊർജ-അടിസ്ഥാനസൗകര്യ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോൺ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സമീപ കാലത്തുണ്ടായ തീപിടിത്ത സംഭവത്തിന് പിന്നാലെയാണ് സന്ദർശനം. തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കുന്നതിനായി അടിയന്തര രക്ഷാപ്രവർത്തന സേനകളും ബന്ധപ്പെട്ട അധികൃതരും സ്വീകരിച്ച നടപടികൾ മന്ത്രി നേരിട്ട് പരിശോധിച്ചു. സന്ദർശനത്തിനിടെ തീപിടിത്തം നിയന്ത്രിക്കാൻ നടപ്പാക്കിയ സംവിധാനങ്ങൾ, എണ്ണ സൗകര്യങ്ങളിലെ അടിയന്തര പ്രവർത്തന പദ്ധതികൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് മന്ത്രിക്ക് വിശദീകരിച്ചു നൽകി.
ഇൻഡസ്ട്രിയൽ സോണിലെ സുരക്ഷാ സംവിധാനം, അപകടസാധ്യത കുറക്കാനുള്ള മുൻകരുതൽ നടപടികൾ, റിസ്ക് മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയും മന്ത്രി പരിശോധിച്ചു. സന്ദർശനത്തിന്റെ ഭാഗമായി മന്ത്രി എമർജൻസി റെസ്പോൺസ് സെന്ററും ഇൻഡസ്ട്രിയൽ സോണിലെ വിവിധ സൗകര്യങ്ങളും സന്ദർശിച്ചു. സുരക്ഷയും അടിയന്തര പ്രതികരണവും ശക്തിപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സംവിധാനങ്ങളും അദ്ദേഹം വിലയിരുത്തി. രാജ്യത്തെ ഊർജ്ജവിതരണം സാധാരണ നിലയിൽ തുടരുകയാണെന്നും ദേശീയ ഊർജ്ജ സംവിധാനവും സപ്ലൈ ചെയിനുകളും ഉയർന്ന കാര്യക്ഷമതയോടെയും തയ്യാറെടുപ്പോടെയും പ്രവർത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യം ഉണ്ടായാലും വിപണിയിലെ സ്ഥിരതയും ആവശ്യമായ ഊർജ്ജ വിതരണവും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ നിരന്തരം നിരീക്ഷണം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീപ്പിടിത്തം വേഗത്തിലും കാര്യക്ഷമമായും നിയന്ത്രണ വിധേയമാക്കിയ അടിയന്തര ടീമുകളുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും പ്രവർത്തനം മന്ത്രി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.