പൈതൃക സംസ്കാരത്തിന്‍റെ വേദിയായി അജ്മാന്‍ ഈത്തപ്പഴ മേള

അജ്മാന്‍: രാജ്യത്തിന്‍റെ പൈതൃകവും സംസ്കാരവും സമന്വയിക്കുന്ന വേദിയായി പതിനൊന്നാമത് അജ്മാന്‍ ലിവ ഈത്തപ്പഴ, തേന്‍ മേള. അജ്മാൻ ടൂറിസം, സാംസ്കാരിക, മാധ്യമ വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്. മേള കഴിഞ്ഞ ദിവസം അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു.

ആഗസ്റ്റ്‌ മൂന്നുവരെ നീളുന്ന അജ്മാന്‍ ഈത്തപ്പഴ മേളയിലെ അറേബ്യന്‍ തേന്‍ സംരംഭങ്ങളുടെ ശേഖരവും പ്രദര്‍ശനവും മേളയെ ഏറേ ശ്രദ്ധേയമാക്കുന്നു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് അജ്മാന്‍ ജറഫിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിൽ പ്രദര്‍ശനം നടക്കുന്നത്.

രാജ്യത്തെ കര്‍ഷകരുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് വർഷം തോറും മേള സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസത്തെ മേളയില്‍ നിരവധി വ്യത്യസ്തമാര്‍ന്ന സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പലയിനം ഈത്തപ്പഴങ്ങള്‍ മേളയില്‍ ലഭ്യമാണ്. കൂടാതെ പ്രാദേശിക കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മാങ്ങ, നാരങ്ങ, ബദാം, പച്ചക്കറി വിഭവങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്.

മേളയോടനുബന്ധിച്ച് നിരവധി കലാസാംസ്കാരിക പരിപാടികളും അരങ്ങേറുന്നു. വൈകീട്ട് നാലിന് ആരംഭിക്കുന്ന മേള രാത്രി 11 മണി വരെ നീണ്ടു നില്‍ക്കും. സന്ദര്‍ശകർക്ക് പ്രവേശനം സൗജന്യമാണ്. വിവിധ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് 10 ലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുന്നത്. മേളയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Heritage Culture, Ajman Date Fair,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.