ദുബൈ: രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും വനിതകൾ വഹിച്ച പങ്കിനെ ആഘോഷിക്കുന്ന ഇമാറാത്തി വനിതദിനത്തിൽ ആശംസകളുമായി ഭരണാധികാരികൾ. രാജ്യത്തിന്റെ പുരോഗതി എപ്പോഴും ഇമാറാത്തി സ്ത്രീകളുടെ നേട്ടങ്ങളുമായും സമൂഹത്തെ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്നതിലും അവർ വഹിക്കുന്ന നിർണായക പങ്കുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എക്സിൽ കുറിച്ച ആശംസ സന്ദേശത്തിൽ പറഞ്ഞു.
സ്ത്രീയെ മാതാവായും സഹോദരിയായും മകളായും ഭാര്യയായും നാം ആഘോഷിക്കുകയാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സിൽ കുറിച്ചു. തലമുറകളുടെ പരിപാലകയായും, മൂല്യങ്ങളുടെ വിത്തുപാകുന്നവളായും, വികസന യാത്രയിലെ പങ്കാളിയായും നമ്മൾ അവരെ ആഘോഷിക്കുന്നു. മാതൃരാജ്യത്തിന്റെ ആത്മാവായും, ആത്മാവിനുള്ള മാതൃരാജ്യമായും, പാതയിലെ സഹചാരിയായും, മാറ്റത്തിന്റെ നിർമാതാവായും അവരെ ആഘോഷിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വർഷവും ആഗസ്റ്റ് 28ന് ആചരിക്കുന്ന ഇമാറാത്തി വനിതദിനത്തിന്റെ ഈ വർഷത്തെ പ്രമേയം ‘കൈകോർത്ത്, നാം അമ്പതാണ്ടുകൾ ആഘോഷിക്കുന്നു’ എന്നതാണ്. ജനറൽ വിമൺസ് യൂനിയന്റെ 50ാമത് വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഇമാറാത്തി വനിതദിനം വന്നുചേർന്നത്.
യു.എ.ഇ വൈസ്പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയ പ്രമുഖരും ഇമാറാത്തി വനിതദിന സന്ദേശം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.