ദുബൈ: ഒക്ടോബർ 25 മുതൽ ദുബൈ-ഡൽഹി റൂട്ടിൽ തങ്ങളുടെ മുൻനിര വിമാനമായ എയർബസ് എ380 സർവിസ് ആരംഭിക്കുമെന്ന് എമിറേറ്റ്സ് പ്രഖ്യാപിച്ചു. ഇതോടെ എമിറേറ്റ്സിന്റെ ഐക്കണിക് ഡബ്ൾ ഡെക്കർ വിമാന സർവീസ് ലഭിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ നഗരമായി ഡൽഹി മാറും. മുംബൈയും ബെംഗളൂരുവുമാണ് നിലവിൽ എ380 സർവിസ് നടത്തുന്ന ഇന്ത്യയിലെ നഗരങ്ങൾ.
ഡൽഹിയിലേക്കുള്ള മറ്റ് മൂന്ന് പ്രതിദിന സർവിസുകൾക്കായി അത്യാധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിത ഫോർ-ക്ലാസ് ബോയിങ് 777 വിമാനങ്ങൾക്കൊപ്പം, പ്രീമിയം ഇക്കോണമി ഉൾപ്പടെയുള്ള ഫോർ-ക്ലാസ് എ380 വിമാനവും സർവിസിനായി എമിറേറ്റ്സ് ഉപയോഗിക്കും.
എമിറേറ്റ്സ് തങ്ങളുടെ പ്രീമിയം ഇക്കോണമി സൗകര്യം കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതായി എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്സ്യൽ ഓഫിസറുമായ അദ്നാൻ കാസിം പറഞ്ഞു. ഒക്ടോബർ മുതൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി എന്നീ ആറ് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ലഭ്യമാകും. ഇത് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് കൂടുതൽ മികച്ച ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ അവസരമൊരുക്കും.
ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള എമിറേറ്റ്സിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഡൽഹി സർവിസെന്ന് അദ്നാൻ കാസിം ചൂണ്ടിക്കാട്ടി. ഒക്ടോബർ അവസാനത്തോടെ, ഇന്ത്യയിലേക്കുള്ള എയർലൈന്റെ പ്രതിവാര ഷെഡ്യൂൾ ചെയ്ത സർവിസുകളിൽ പകുതിയോളം പ്രീമിയം ഇക്കോണമി ലഭ്യമാകും. ഇന്ത്യയുമായുള്ള എമിറേറ്റ്സിന്റെ പങ്കാളിത്തവും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന കൂടുതൽ സേവന പരിഷ്കാരങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.