ദുബൈ: മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങൾ മൂലം വിമാന ഷെഡ്യൂളുകൾ ഇടക്കിടെ മാറാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക് 72 മണിക്കൂറിനകം ടിക്കറ്റുകൾ ഓൺലൈനായി റീബുക്ക് ചെയ്യാൻ അവസരം നൽകി എമിറേറ്റ്സ് എയർലൈൻസ്. യാത്ര തടസ്സങ്ങൾ പരമാവധി കുറക്കാനും എയർപോർട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇതു സഹായകമാവും. എമിറേറ്റ്സ് വെബ്സൈറ്റിൽ മാനേജ് യുവർ ബുക്കിങ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്തോ എമിറേറ്റ്സ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുതിയ യാത്ര തീയതി തെരഞ്ഞെടുക്കാം. പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് യാത്ര പുനക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് എമിറേറ്റ്സിന്റെ സപോർട്ടിങ് ടീമിന്‍റെ സഹായവും തേടാം.
എമിറേറ്റ്സ് സപോർട്ടിൽ ഓൺലൈനായോ ഡി.എം ലിങ്കിൽ നേരിട്ടുള്ള സന്ദേശം വഴിയോ സഹായം ലഭ്യമാണ്. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ യാത്രകൾ പ്ലാൻ ചെയ്യാനും മാറ്റങ്ങൾ വരുത്താനുമുള്ള അവസരം ഉറപ്പുവരുത്തുകയെന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
അതേസമയം, യു.എ.ഇ വ്യോമപാത ഭാഗികമായി തുറന്നതിന് പിന്നാലെ എമിറേറ്റ്സ് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ സർവിസുകൾ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർ ഏറ്റവും പുതിയ ഷെഡ്യൂളുകൾ പരിശോധിക്കുകയും സീറ്റുകൾ നേരത്തെ ബുക് ചെയ്യുകയും വേണം.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് മുന്തിയ പരിഗണനയെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.