ദുബൈ: ഇന്ത്യൻ സമൂഹത്തോടുള്ള യു.എ.ഇയുടെ സ്നേഹാദരം പ്രകടിപ്പിക്കാൻ ദുബൈയിൽ സംഘടിപ്പിക്കുന്ന ‘എമിറേറ്റ്സ് ലവ്സ് ഇന്ത്യ’ പരിപാടി ഞായറാഴ്ച നടക്കും. ദുബൈ സഅബീൽ പാർക്കിൽ അറുപതിനായിരത്തോളം പേർ സംഗമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇ സഹമന്ത്രി നൂറ അൽ കഅബി, ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം മുതൽ അർധരാത്രി വരെ നീളുന്ന സംഗമത്തിൽ ദീപാവലി ആഘോഷമടക്കം വിവിധ പരിപാടികൾ നടക്കും. പ്രവേശനം സൗജന്യമാണ്.
ഇന്ത്യൻ സംസ്കാരം, സംഗീതം, വിഭവങ്ങൾ എന്നിവയുടെ വർണ്ണാഭമായ പരിപാടി യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രബന്ധം പ്രദർശിപ്പിക്കന്നതായിരിക്കും. യു.എ.ഇയുടെ വിവിധ മേഖലകളിൽ ഇന്ത്യൻ പ്രവാസി സമൂഹം നൽകിയ സംഭാവനകളും ഈ പരിപാടിയിലൂടെ എടുത്തു കാണിക്കും. നയതന്ത്രജ്ഞരും വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ദുബൈ പൊലീസും ആഘോഷങ്ങളിൽ പങ്കുചേരും. സഅബീൽ പാർക്കിലെ ഗേറ്റ് ഒന്നിലൂടെയും രണ്ടിലൂടെയും മാത്രമാണ് പ്രവേശനം.
തിരക്ക് നിയന്ത്രിക്കാൻ ഉച്ചക്ക് രണ്ട് മണിക്ക് ഗേറ്റുകൾ തുറക്കും. പരിപാടി രാത്രി 11 മണി വരെ തുടരും. പ്രശസ്ത ഇന്ത്യൻ കലാകാരന്മാരായ നേഹ കക്കർ, മിക സിങ്, നീരജ് മാധവ്, സാരംഗി താരം നബീൽ ഖാൻ എന്നിവർ അണിനിരക്കുന്ന വിനോദ വിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാവുന്ന 30 ഫുഡ് സ്റ്റാളുകൾ, ഇന്ത്യൻ കരകൗശല വസ്തുക്കളും മറ്റ് പൈതൃക ഘടകങ്ങളും വിളിച്ചോതുന്ന എട്ട് സാംസ്കാരിക സ്റ്റാളുകൾ, പാരമ്പരാഗത നൃത്തങ്ങൾ, നാടൻ കലാരൂപങ്ങൾ, സംഗീത പരിപാടികൾ, ലൈവ് സംഗീത നിശകൾ, കുട്ടികൾക്കായുള്ള വിനോദ കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്. സമൂഹങ്ങളുടെ വൈവിധ്യം വിളിച്ചോതുന്ന വർണ്ണാഭമായ സാംസ്കാരിക പരേഡും പരിപാടിയുടെ ഭാഗമായി നടക്കും.
പരിപാടിയിൽ പ്രവേശനം സൗജന്യമാണെങ്കിലും രജിസ്ട്രേഷൻ നിർബന്ധമാണ്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ‘India’ എന്ന് ടൈപ്പ് ചെയ്ത് വാട്സ് ആപ്പിൽ +971 4702 7721 എന്ന നമ്പറിലേക്ക് അയക്കണം. അതു വഴി ലഭിക്കുന്ന ക്യു. ആർ കോഡാണ് പ്രവേശന ഗേറ്റിൽ കാണിക്കേണ്ടത്.
ഗതാഗത കുരുക്കിന് സാധ്യത യുള്ളതിനാൽ പരിപാടിക്ക് വരുന്നവർ സ്വന്തം വാഹനങ്ങൾ ഒഴിവാക്കി, കഴിയുന്നത്ര ദുബൈ മെട്രോ, ബസ് പോലുള്ള പൊതുഗതാഗത മാർഗ്ഗങ്ങളെ ആശ്രയിക്കാൻ സംഘാടകർ നിർദ്ദേശിക്കുന്നുണ്ട്. ആർ ടി എ മെട്രോ സർവീസുകളുടെ സമയം നീട്ടിനൽകാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.