ദുബൈ: ഇമാറാത്തി കുട്ടികൾക്കും യു.എ.ഇയിൽ താമസിക്കുന്ന പ്രവാസി വിദ്യാർഥികൾക്കും ദുബൈ കോളജ് ഓഫ് ടൂറിസം (ഡി.സി.ടി) 2023 സെപ്റ്റംബറിൽ ആരംഭിക്കുന്ന ഈദുൽ അദ്ഹ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സ്വകാര്യ മേഖലയിൽ കൂടുതൽ അവസരം തേടുന്ന ഇമാറാത്തി വിദ്യാർഥികൾക്കും മിടുക്കരായ പ്രവാസി യുവാക്കൾക്കും സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ദുബൈ സാമ്പത്തിക, ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായ ഡി.സി.ടി ഈദുൽ അദ്ഹ എന്ന പേരിൽ സ്കോളർഷിപ് നൽകുന്നത്.
ലോകത്തെ മൂന്നു മുൻനിര നഗരങ്ങളിൽ ഒന്നാക്കി ദുബൈയെ മാറ്റാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ഡി33 അജണ്ടയുടെ ഭാഗമായാണ് സ്കോർഷിപ് നൽകുന്നതെന്ന് ഡി.സി.ടി ജനറൽ മാനേജർ ഇസ്സ ബിൻ ഹാദിർ പറഞ്ഞു. പ്രാദേശിക തൊഴിൽമേഖലയുടെ ഭാഗമായ ഇമാറാത്തികളായ വിദ്യാർഥികൾക്കും കഴിവുള്ള പ്രവാസി കുട്ടികൾക്കും ദീർഘകാലം നഗരത്തിന്റെ ഭാഗമാകാനുള്ള അവസരം നൽകുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയിൽ യോജിച്ച കരിയർ പിന്തുടരാൻ ഇതുവഴി വിദ്യാർഥികൾക്ക് അവസരമൊരുക്കും. അപേക്ഷകർ ഹോസ്പിറ്റാലിറ്റി, ടൂറിസം, ഇവന്റ്സ് ലെവൽ 4 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിൽ ഈദുൽ അദ്ഹക്ക് മുമ്പ് എൻറോൾ ചെയ്യണം. കൂടാതെ, സെക്കൻഡറി തലത്തിൽ 70 ശതമാനം മാർക്കും അഡ്മിഷൻ സ്ക്രീനിങ്ങിൽ ഇംഗ്ലീഷ്, മാത്സ് അസെസ്മെന്റ്സ് എന്നിവയിൽ പാസാവുകയും വേണം.
അസെസ്മെന്റിനുശേഷം നടക്കുന്ന വ്യക്തിഗത ഇന്റർവ്യൂ വിജയകരമായി പൂർത്തീകരിക്കുന്നവർക്കാണ് സ്കോളർഷിപ് നൽകുക. അക്കാദമിക ഫീസ് ഉൾപ്പെടുന്നതാണ് സ്കോളർഷിപ്. അതേസമയം, അപേക്ഷ സമർപ്പിക്കുന്ന സമയം പ്രവാസികളായ വിദ്യാർഥികൾ യു.എ.ഇയിൽ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിദ്യാർഥികൾക്ക് താങ്ങാവുന്ന അപേക്ഷ ഫീസാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും നടപടികൾ സുതാര്യമായിരിക്കുമെന്നും ഡി.സി.ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.