ദുബൈ: ജീവിതത്തിലൊരിക്കലെങ്കിലും യു.എ.ഇയിൽ വന്ന് നോമ്പും പെരുന്നാളും അനുഭവിക്കണമെന്ന് പറയാറുണ്ട്. എന്നാൽ ഇവിടെ ജീവിച്ചവരുടെ ചരിത്രത്തിൽതന്നെ ഇതാദ്യമായി ഇത്രമാത്രം വേറിട്ട ഒരു പെരുന്നാളാണ് കടന്നുപോയത്. പെരുന്നാൾ രാവിൽ നഗരങ്ങൾ ദീപങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു. പുലർകാലത്തുതന്നെ പള്ളികളിൽ തക്ബീർ ധ്വനികൾ മുഴങ്ങിയിരുന്നു. എന്നാൽ, വിശ്വാസികൾ വീടുകളിൽതന്നെ തുടർന്നു. പുതുവസ്ത്രമെന്ന നിർബന്ധം ഇക്കുറി അധികപേരും പുലർത്തിയില്ല കൂട്ടത്തിൽ പുതിയ വസ്ത്രങ്ങൾ ധരിച്ച് കുടുംബങ്ങളും ബാച്ചിലർമാരും അവരവരുടെ താമസകേന്ദ്രങ്ങളിൽ പെരുന്നാൾ നമസ്കരിച്ചു. ചിലയിടങ്ങളിൽ കൂട്ടത്തിൽ മുതിർന്നവർ ചെറിയ വാക്കുകളിൽ ഉപദേശം നൽകി, പ്രാർഥനകൾ നടത്തി.
മറ്റു പലരും ഒാൺലൈനിലൂടെ മതപണ്ഡിതന്മാരുടെ പെരുന്നാൾ പ്രഭാഷണം ശ്രവിച്ചു. ആർഭാടമില്ലാത്ത വിഭവങ്ങളൊരുക്കി കഴിച്ചു. പതിവുപോലെ ബിരിയാണിയും പായസവും പലഹാരങ്ങളും അയൽപക്കങ്ങളിൽ പങ്കുവെക്കുന്നതും കൂട്ടമായി വിരുന്നുപോകുന്നതും ഒഴിവാക്കിയിരുന്നു. സ്ഥിരമായി തങ്ങളുടെ ഫ്ലോറിലെ മുഴുവൻ കുടുംബങ്ങൾക്കും പായസം വിതരണം ചെയ്തിരുന്ന കുടുംബം ഇക്കുറി സെക്യൂരിറ്റി ജീവനക്കാരനു മാത്രമാണ് മധുരം പങ്കുവെച്ചത്. അടുത്ത പെരുന്നാളിന് ഇരട്ടി മധുരം നൽകാം എന്ന ഉറപ്പു നൽകി മറ്റ് അയൽവാസികൾക്ക്.
പെരുന്നാൾ സന്ദർശനം ഇല്ല എന്ന് അറിയിക്കുന്ന ബോർഡുകൾ പല വീടുകളുടെയും മുന്നിൽ പതിച്ചിരുന്നു. ജനങ്ങളോട് വീടുകളിൽ തുടരണമെന്ന് ഉണർത്തിയ രാഷ്ട്രനായകരും അതുതന്നെ ചെയ്തു. ഭരണാധികാരികളുടെ കൂടിച്ചേരലും ജനങ്ങളിൽനിന്ന് ആശംസ സ്വീകരണവുമില്ലാത്ത ആദ്യ പെരുന്നാളായിരുന്നു ഇത്. എന്നാൽ വിവിധ എമിറേറ്റുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കിരീടാവകാശികൾ ആരോഗ്യപ്രവർത്തകരെയൂം സന്നദ്ധപ്രവർത്തകരെയും സന്ദർശിച്ച് ആശംസയും െഎക്യദാർഢ്യവും കൈമാറി. സാമൂഹിക-ജീവകാരുണ്യ പ്രവർത്തകർക്ക് ഇൗ പെരുന്നാൾ ദിവസവും വീട്ടിൽ കഴിയാനായില്ല. ഭക്ഷണപ്പൊതികളുമായി വിശക്കുന്ന മനുഷ്യരെ തേടി പറക്കുകയായിരുന്നു ആ വലിയ മനസ്സുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.