ദുബൈ: വർണപ്പൊലിമ ഏറെയുള്ള യു.എ.ഇയിലെ പെരുന്നാൾ ആഘോഷങ്ങൾ ഇക്കുറി ഇൗ കുരുന്നുകൾക്ക് നഷ്ടമാവും, പക്ഷെ അത്യന്തം ആവേശകരമായ ഒരു അതിശയപ്പെരുന്നാളാണ് ദുബൈ ജെംസ് കിൻറർ ഗാർട്ടനിലെ എട്ടു മലയാളികൾ ഉൾപ്പെടെ 12 വിദ്യാർഥികൾക്ക് ഇത്തവണ. ഏതൊരു ഫുട്ബാൾ പ്രേമിയും കൊതിച്ചുേപാകുന്ന മാഞ്ചസ്റ്റർ സിറ്റി ക്ലബ് ആസ്ഥാനമായ ഇത്തിഹാദ് കാമ്പസിലാണ് കളിച്ചും തിമിർത്തും അവരിന്ന് പെരുന്നാൾ ആഘോഷിക്കുന്നത്.
മധ്യപൂർവേഷ്യയിലെ അറുപത് ടീമുകൾ മാറ്റുരച്ച മാഞ്ചസ്റ്റർ സിറ്റി അബൂദബി കപ്പ് ചാമ്പ്യൻഷിപ്പിൽ നേടിയ വിജയമാണ് ഇൗ കുട്ടികൾക്ക് ബ്രിട്ടീഷ് ക്ലബിലേക്കുള്ള വാതിൽ തുറന്നു കൊടുത്തത്.
ഒരാഴ്ചത്തെ യാത്രയും താമസവും പരിശീലനവും അക്കാദമി സ്പോൺസർ ചെയ്യുകയായിരുന്നു. പാലക്കാട് സ്വദേശികളായ മുഹമ്മദ് ഹാത്വിം അലി ഫാറുഖ്, ആര്യൻ ഹരിദാസ്, തൃശുരിൽ നിന്നുള്ള സെഹൽ ഷിബു, നവനീത് ഷൈൻ, െഎദൻ നദീർ, മലപ്പുറം സ്വദേശി, മുഹമ്മദ് മുബീൻ, തിരുവനന്തപുരം സ്വദേശി വിനയ് കൃഷ്ണൻ, ജുവൻ ജോർജ് എന്നിവരാണ് മലയാളി അംഗങ്ങൾ. വരാപ്പുഴ സ്വദേശിയായ അരുൺ പ്രതാപ് ആണ് കുട്ടികളുടെ കോച്ച്.
എറണാകുളം മഹാരാജാസ് കോളജ് ടീമിലൂടെ ഫുട്ബാൾ ഗ്രൗണ്ടിലിറങ്ങിയ അരുൺ പരിക്കുകൾ മൂലം തനിക്ക് നഷ്ടപ്പെട്ടുപോയ ഫുട്ബാൾ സൗഭാഗ്യങ്ങൾ വരും തലമുറയിലൂടെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുരുന്നു പ്രതിഭകളെ പരിശീലിപ്പിക്കാനാരംഭിച്ചത്. അരുൺ പ്രതാപും കുട്ടികളുടെ മാതാപിതാക്കളും സംഘത്തെ അനുഗമിച്ചിട്ടുണ്ട്. ലോകപ്രശസ്ത ഡിഫൻഡർ ഡാനിലോ ലൂയിസ് ഡിസിൽവ,സിറ്റി സ്കൂൾ പ്രൊജക്ട് മാനേജർ സിമേൺ ഹെവിറ്റ്, സിമോൺ സാപ്പിയ, റോസ് ബോണ്ട്, ക്രിസ്റ്റിൻ മാനോൺ എന്നിവരാണ് മാഞ്ചസ്റ്ററിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.