ദുബൈ: റമദാനിൽ യാചകര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ദുബൈ പൊലീസ്. വിശ്വാസികളുടെ സഹതാപം മുതലെടുത്ത് റമദാനിൽ നടക്കുന്ന ഭിക്ഷാടന തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. ഭിക്ഷാടനത്തിനിടെ പിടിയിലായാൽ മൂന്ന് മാസം വരെ തടവും 5000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. ബോധവത്കരണത്തിന്റെ ഭാഗമായി പൊലീസ് വാര്‍ഷിക ‘യാചന നേരിടാം’ എന്ന പേരിൽ കാമ്പയിനും തടക്കമിട്ടു. 384 യാചകരെയാണ് കഴിഞ്ഞ വർഷം എമിറേറ്റിൽ പിടികൂടിയത്. അറസ്റ്റിലായവരില്‍ 99 ശതമാനം പേരും ഭിക്ഷാടനം ഒരു തൊഴിലായി സ്വീകരിച്ചവരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടികള്‍, പ്രായമായവര്‍, വൈകല്യമുള്ളവര്‍ എന്നിവരെ മുന്നില്‍നിര്‍ത്തി മറ്റുള്ളവരുടെ സഹതാപം നേടിയാണ് പലരും ഭിക്ഷാടനം നടത്തിയിരുന്നത്. യാചകരുടെ വേഷം കെട്ടി രോഗികളാണെന്നും പരിക്കേറ്റവരാണെന്നും അഭിനയിച്ചും പണം പിരിക്കുന്നവരുണ്ട്. വിവിധ ആരാധനാലയങ്ങള്‍ക്ക് മുന്നില്‍നിന്ന് ആശുപത്രി ചെലവുകള്‍ക്കെന്ന പേരിലും യാചന നടത്തുന്ന തന്ത്രങ്ങളും പലരും പ്രയോഗിക്കാറുണ്ട്. എന്നാല്‍, ഇത്തരം തട്ടിപ്പുകള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് ദുബൈ പൊലീസ് അഭ്യര്‍ഥിച്ചു. ‘യാചന നേരിടാം’ കാമ്പയിനിലൂടെ സമൂഹത്തില്‍ യാചനക്കെതിരെ അവബോധമുണ്ടാക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 2085 യാചകരെ ദുബൈയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഔദ്യോഗികവും വിശ്വസനീയവുമായ ജീവകാരുണ്യ സംഘടനകള്‍ വഴിമാത്രം സംഭാവനകള്‍ നല്‍കണമെന്നും അധികൃതര്‍ വിശദീകരിച്ചു. ഭിക്ഷാടനത്തിന് ആളുകളെ എത്തിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ. കൂടാതെ അനുമതിയില്ലാതെ സാമ്പത്തിക പിരിവ് നടത്തിയാല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ഓണ്‍ലൈന്‍ വഴിയും യാചനാ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഇതിനെതിരെയും കാമ്പയിന് ബോധവത്കരണം നടത്തുമെന്ന് ദുബൈ പൊലീസിലെ സാമൂഹിക വിരുദ്ധ കുറ്റകൃത്യ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി സലിം അല്‍ ശംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.