നവീകരണം പൂർത്തിയായ നഗരത്തിലെ നടപ്പാത

ദുബൈയിൽ നടപ്പാത നവീകരണത്തിന്​ തുടക്കം

ദുബൈ: നഗരത്തിൽ ഈ വർഷത്തെ നടപ്പാത നവീകരണത്തിന്​ തുടക്കമിട്ട്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). 2026ലെ നടപ്പാത പ്രതിരോധ പരിപാലന പദ്ധതിയുടെ ഭാഗമായി നാദൽ ഷിബ​ രണ്ട്​, അൽ ബർഷ, നാദ്​ ഷമ്മ, നാദൽ ഹമർ, അൽ മുഹൈസിന ഒന്ന്​, രണ്ട്​ മൂന്ന്​, അൽ തവാർ നാല്​, അൽ ബർഷ രണ്ട്​, മൂന്ന്​, നാല്​, ഉമ്മു സുഖൈം മൂന്ന്​, അൽ മനാറ, അൽ സഫ രണ്ട്​, ജുമൈറ രണ്ട്​, സഅബീൽ രണ്ട്​, ഊദ്​ മേത്ത എന്നിവിടങ്ങളിലായി 2000 ചതുരശ്ര മീറ്റർ നീളത്തിലാണ്​ നടപ്പാതകൾ നവീകരിക്കുന്നത്​. മൊത്തം 90,000 ചതുരശ്ര മീറ്റർ നീളത്തിലാണ്​ നടപ്പാതകളുടെ നവീകരണം ആർ.ടി.എ ആസൂത്രണം ചെയ്തിരുന്നത്​. ഇതിൽ കഴിഞ്ഞ വർഷം 88,000 ചതുരശ്ര മീറ്റർ നീളത്തിൽ നടപ്പാതകളുടെ നവീകരണ പ്രവർത്തനങ്ങൾ ആർ.ടി.എ പൂർത്തിയാക്കിയിരുന്നു. എമിറേറ്റിലെ താമസ, വിനോദ​, വാണിജ്യ, സാമ്പത്തിക, തീര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ​ നടപ്പാതകൾ നഗര ജീവിതത്തിന്‍റെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്​.

നടപ്പാതകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, ദുബൈയിയുടെ നഗര ഭൂപ്രകൃതി സംരക്ഷിക്കൽ, ജീവിതനിലവാരം ഉയർത്തൽ എന്നീ ലക്ഷ്യങ്ങൾക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയാണ് നവീകരണ പ്രവൃത്തികൾ പ്രതിഫലിപ്പിക്കുന്ന​തെന്ന്​ അധികൃതർ വ്യക്​തമാക്കി. എമിറേറ്റിന്‍റെ മുഖച്ഛായയും നഗര സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഉയർന്ന ഗുണനിലവാരം, സുരക്ഷ, സേവന കാലാവധി വർധിപ്പിക്കൽ, സുസ്ഥിരത എന്നിവ നിലനിർത്തുന്നതിലും റോഡ്​ ഫർണിച്ചറുകൾ സംരക്ഷിക്കുന്നതിലും നടപ്പാത സംരക്ഷണം അവിഭാജ്യ ഘടകമാണെന്ന്​ ആർ.ടി.എ റോഡ്​സ്​ ആൻഡ്​ ആൻഡ്​ ഫെസിലിറ്റീസ്​ മെയിന്‍റനൻസ്​ ഡയറക്ടർ അബ്​ദുല്ല അലി ലൂത്ത പറഞ്ഞു.

പദ്ധതി കാൽനട യാത്രക്കാരുടെ സുരക്ഷയെ സഹായിക്കും. കൂടാതെ അന്താരാഷ്ട്ര തലത്തിലുള്ള മികച്ച രീതികൾക്ക് അനുസൃതമായി തടസ്സമില്ലാത്തതും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങളിൽ ആഗോള തലത്തിൽ മുൻനിരയിലെത്താനുള്ള ആർ.ടി.എയുടെ കാഴ്ചപ്പാടുകളെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ്​ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തെ നിയന്ത്രിക്കുന്നിനും നിരീക്ഷിക്കുന്നതിനായി ആധുനികമായ സാ​ങ്കേതിക വിദ്യകളും നൂതനമായ നവീകരണ രീതികളുമാണ്​ ആർ.ടി.എ അവലംബിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Dubai sidewalk renovation begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.