റോഡിന് നടുവിൽ വാഹനം നിർത്തരുതെന്ന് ദുബൈ പൊലീസ്; മുന്നറിയിപ്പ് എമിറേറ്റ്സ് റോഡിലെ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ

ദുബൈ: റോഡിന് നടുവിൽ വാഹനം നിർത്തുന്നത് ഏറ്റവും അപകടകരമായ നിയമലംഘനങ്ങളിൽ ഒന്നാണെന്നും ഇത് പലപ്പോഴും മാരകമായ അപകടങ്ങൾക്കും മരണങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുമെന്നും ട്രാഫിക് ജനറൽ ഡിപാർട്ട്മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ വ്യക്തമാക്കി. വാഹനം കേടുവന്ന് റോഡിൽ നിന്ന് മാറ്റാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ഉടൻ പൊലീസുമായി ബന്ധപ്പെടണം. പട്രോളിങ് വാഹനങ്ങൾ ഉപയോഗിച്ച് തകരാറിലായ വാഹനത്തിന് സുരക്ഷയൊരുക്കാനും യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. എമിറേറ്റ്സ് റോഡിൽ ട്രക്കിന് പിന്നിൽ മിനിബസ് ഇടിച്ച് എട്ടുപേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിന് പിന്നാലെയാണ് ദുബൈ പൊലീസിന്‍റെ മുന്നറിയിപ്പ്.

വാഹന തകരാറുകൾ, ഇന്ധനം തീരൽ, അല്ലെങ്കിൽ ടയർ പങ്‌ചറാവൽ എന്നിവ കാരണം റോഡിന് നടുവിൽ വാഹനം നിർത്തുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകും. യാത്ര പുറപ്പെടുന്നതിന് മുമ്പ് വാഹനം റോഡിലിറക്കാൻ അനുയോജ്യമാണെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണം. റോഡിന് നടുവിൽ വാഹനം നിർത്തുന്നത് ഫെഡറൽ ട്രാഫിക് നിയമപ്രകാരം 1,000 ദിർഹം പിഴയും ആറു ട്രാഫിക് പോയന്‍റുകളും ലഭിക്കാവുന്ന കുറ്റമാണ്. ഗതാഗതം തടസ്സപ്പെടുത്തുന്നതിന് ആർട്ടിക്കിൾ 98 പ്രകാരം 500 ദിർഹം അധിക പിഴയും ഈടാക്കും.

‘സാങ്കേതിക തകരാറിനെ തുടർന്ന് ട്രക്ക് റോഡിന് നടുവിൽ നിർത്തുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഡ്രൈവറുടെ ശ്രദ്ധക്കുറവ് കാരണവും കൃത്യമായ അകലം പാലിക്കാത്തതിനാലും പിന്നാലെ വന്ന ബസ് ട്രക്കിന്‍റെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ എട്ടുപേർ മരിക്കുകകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. നാല് പേരുടെ പരിക്ക് അത്ര സാരമുള്ളതല്ല. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ കൂട്ടിച്ചേർത്തു.

അപകടത്തിന്‍റെ കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനായി ട്രാഫിക് അപകട അന്വേഷണ വിഭാഗത്തിൽ നിന്നുള്ള വിദഗ്ധർ സംഭവസ്ഥലത്തെത്തി കൃത്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ട്രാഫിക് പട്രോളിങ് വിഭാഗം ഗതാഗതം നിയന്ത്രിക്കുകയും അപകടസ്ഥലത്തിന് സുരക്ഷയൊരുക്കുകയും രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്തു. അപകടത്തിൽപെട്ട ട്രക്കും ബസും റോഡിൽ നിന്ന് മാറ്റി ഗതാഗതം പൂർണസ്ഥിതിയിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹനം സാങ്കേതിക തകരാറിലാവുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുകയും തുടർന്ന് റോഡിൽനിന്ന് അത് മാറ്റാൻ കഴിയാതിരിക്കുകയും ചെയ്താൽ ഡ്രൈവർമാർ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കണമെന്ന് ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ നിർദേശിച്ചു:

  1. ഹസാർഡ് വാണിങ് ലൈറ്റുകൾ പ്രവർത്തിപ്പിക്കുക.
  2. ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ആദ്യം ഉറപ്പാക്കുക.
  3. വരുന്ന വാഹനങ്ങൾക്ക് മുൻകൂട്ടി കാണാൻ പാകത്തിൽ വാഹനത്തിന് പിന്നിൽ സുരക്ഷിതമായ അകലത്തിൽ വാണിങ് ട്രയാംഗിൾ സ്ഥാപിക്കുക.
  4. വാഹനത്തിൽനിന്ന് പൂർണമായും ഇറങ്ങി റോഡിൽനിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക.
  5. ഉടൻ പൊലീസുമായി ബന്ധപ്പെടുക.
Tags:    
News Summary - Dubai Police warns not to stop vehicles in the middle of the road; warning follows accident on Emirates Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.