ദുബൈ: എൽപിക്കപ്പെട്ട കേസുകളിൽ 99 ശതമാനവും തെളിയിച്ച് Dubai Police Forensic Department solved 99% crimes. ലക്ഷ്യം വെച്ചതിനേക്കാൾ മികച്ച പ്രവർത്തനമാണ് വകുപ്പ് കാഴ്ചവെച്ചതെന്ന് വാർഷിക പരിശോധനയിൽ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. 95 ശതമാനമാണ് വകുപ്പ് വാർഷിക ടാർഗറ്റായി നിശ്ചയിച്ചിരുന്നത്. അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ. അബ്ദുൽ ഖുദ്ദൂസ് അബ്ദുറസാഖ് അൽ ഉബൈദിയുടെ നേതൃത്വത്തിൽ മുതിർന്ന മറ്റു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വകുപ്പിന്റെ വിലയിരുത്തൽ നടന്നത്.
തെളിവ് കണ്ടെത്തൽ, ശബ്ദ പരിശോധന, ഫോറൻസിക് എന്റമോളജി, സമുദ്രതല കുറ്റാന്വേഷണം, മനുഷ്യ ശരീരാവശിഷ്ടങ്ങളുടെ കണ്ടെത്തൽ, രക്ത പരിശോധന രീതികൾ എന്നിവയടക്കം വിവിധ പ്രവർത്തനങ്ങളാണ് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനും ഫോറൻസിക് വകുപ്പ് നടത്തുന്നത്. പ്രാദേശിക തലത്തിൽ, 48 മയക്കുമരുന്ന് കണ്ടെത്തലുകൾക്ക് വകുപ്പിന്റെ പ്രവർത്തനം സഹായിച്ചു. അന്താരാഷ്ട്ര തലത്തിൽ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൽനിന്ന് ഇന്റർനാഷനൽ സേഫ്റ്റി അവാർഡ് നേടാനും വകുപ്പിന് സാധിച്ചു.
എക്സ്പോ 2020 ദുബൈയിൽ വകുപ്പ് അന്താരാഷ്ട്ര തലത്തിലെ വിദഗ്ധർ പങ്കെടുത്ത ഫോറൻസിക് ഫോറം സംഘടിപ്പിച്ചു. സുപ്രധാന വിശകലനങ്ങളടങ്ങിയ 14 ശാസ്ത്രീയ പഠനങ്ങളും പ്രസിദ്ധീകരിച്ചു. ലബോറട്ടറികളും സൗകര്യങ്ങളും സേവനങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചതിന് 2021ൽ 66 ഐ.എസ്.ഒ സർട്ടിഫിക്കറ്റും വകുപ്പിന് ലഭിച്ചിട്ടുണ്ട്.സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്നതിന് നടപ്പിലാക്കിയ പദ്ധതികളും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.