ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ പുതിയ സ്ഥാപന ഘടനക്ക് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഞായറാഴ്ച അംഗീകാരം നൽകി. മുനിസിപ്പാലിറ്റിയുടെ ചെലവ് എട്ട് ബില്യൺ ദിർഹം കുറക്കാനും 10 ബില്യൺ ദിർഹം മൂല്യമുള്ള സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യംവെച്ചാണ് പുതിയ ഘടനക്ക് രൂപംനൽകുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റിയുടെ സമഗ്രമായ പുനഃക്രമീകരണത്തിന് അംഗീകാരം നൽകുന്നതെന്ന് ശൈഖ് ഹംദാന വ്യക്തമാക്കി.
പുതിയ ഘടനക്കുകീഴിൽ മുനിസിപ്പാലിറ്റിയിൽ ആസൂത്രണ-ഭരണ സെക്ടറും ഇൻസ്റ്റിറ്റ്യൂഷനൽ സേവന സെക്ടറും എന്ന രണ്ടു പ്രധാന മേഖലകളാണുണ്ടാവുക. മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലും മാനേജ്മെന്റിലും പ്രവർത്തിക്കുന്ന നാല് പുതിയ സ്ഥാപനങ്ങളുമുണ്ടാകും. പബ്ലിക് യൂട്ടിലിറ്റീസ് എസ്റ്റാബ്ലിഷ്മെന്റ്, പരിസ്ഥിതി, ആരോഗ്യം, സുരക്ഷ എസ്റ്റാബ്ലിഷ്മെന്റ്, കെട്ടിട നിയന്ത്രണ-ലൈസൻസിങ് എസ്റ്റാബ്ലിഷ്മെൻറ്, മാലിന്യ-ശുചിത്വ എസ്റ്റാബ്ലിഷ്മെന്റ് എന്നിവയായിരിക്കും ഇവ.
പുതിയ ഘടനയിൽ ജലസേചന സേവനങ്ങൾ, നഗര സൗന്ദര്യവത്കരണവും കൃഷിയും, വെറ്ററിനറി സേവനങ്ങളും അറവുശാലകളും, മാലിന്യ സംസ്കരണം, മാർക്കറ്റ് മാനേജ്മെൻറ്, പൊതു പാർക്കുകൾ, വിനോദ സൗകര്യങ്ങളുടെ മാനേജ്മെന്റ്, ജല ശുദ്ധീകരണ പ്ലാന്റുകളുടെ മാനേജ്മെന്റ്, സാങ്കേതിക ലബോറട്ടറി മാനേജ്മെന്റ് എന്നിവ പുതിയ ഘടനയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. മുനിസിപ്പാലിറ്റിയുടെ പൊതു ആസ്തികളുടെ സാമ്പത്തിക, ടൂറിസം, വാണിജ്യപരമായ ഗുണഫലം പരമാവധിയാക്കാനാണ് പുതിയ ഘടനയിലൂടെ ലക്ഷ്യമിടുന്നത്.
സേവനങ്ങളുടെ ഗുണനിലവാരവും താമസക്കാരുടെ സന്തോഷവും 20 ശതമാനം വർധിക്കുകയും പ്രവർത്തന ചെലവ് 10 ശതമാനം കുറക്കുകയും ചെയ്യുന്ന പദ്ധതിയായാണിത് രൂപപ്പെടുത്തിയത്. ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും മികച്ച ഫലം ഉറപ്പുവരുത്തുന്നതിനുമായി പുതിയ വകുപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വകുപ്പ്, നഗരാസൂത്രണ -ജീവിതനിലവാര വകുപ്പ്, എന്റർപ്രൈസ് റിസ്ക് ആൻഡ് ബിസിനസ് വകുപ്പ് എന്നിങ്ങനെ വകുപ്പുകൾ ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.