ദുബൈ: പുനരുപയോഗത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ലോക റീസൈക്ലിങ് ദിനം ആചരിച്ച് ദുബൈ മുനിസിപ്പാലിറ്റി. മാലിന്യങ്ങൾ കുറക്കുന്നതിനും വസ്തുക്കൾ പുനരുപയോഗിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള 500ലധികം സന്നദ്ധപ്രവർത്തകർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. മുനിസിപ്പാലിറ്റിയുടെ വളന്റിയറിങ് സംരംഭമായ ‘ഒരു മണിക്കൂർ ശുചീകരണ തൊഴിലാളിയോടൊപ്പം’ എന്ന പരിപാടിയുടെ ഭാഗമായി സന്നദ്ധപ്രവർത്തകർ തൊഴിലാളികൾക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ഉമ്മു സുഖീം ബീച്ച്, അൽ മംസാർ ബീച്ച്, അൽ ഖുദ്ര തടാകം, അൽ റുവയ റിസർവ്, അൽ ഖുദ്ര സ്ട്രീറ്റ് എന്നിങ്ങനെ ദുബൈയിലെ വിവിധ സ്ഥലങ്ങളിലാണ് ശുചീകരണം ഒരുക്കിയത്. സന്നദ്ധപ്രവർത്തകർക്ക് അവസരം നൽകിക്കൊണ്ട് എമിറേറ്റിലെ ദൈനംദിന ജീവിതത്തിൽ റീസൈക്ലിങ് എന്നത് ഭാഗമാക്കാനാണ് ദുബൈ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. വളന്റിയർമാർ 1.2 ടൺ മാലിന്യം ശേഖരിക്കുകയും തരംതിരിച്ച ശേഷം 400 കിലോ മാലിന്യം പുനരുപയോഗത്തിനായി വേർതിരിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.