ദുബൈ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്റർ
ദുബൈ: എമിറേറ്റിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) രൂപപ്പെടുത്തിയ സ്മാർട്ട് ട്രാഫിക് സംവിധാനം കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നു. 2026ഓടെ ദുബൈയിലെ പ്രധാന റോഡുകളെല്ലാം 100 ശതമാനം സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് (ഐ.ടി.എസ്) വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ രൂപകൽപനയും പഠനവും ആരംഭിച്ചതായി കഴിഞ്ഞ ദിവസമാണ് ആർ.ടി.എ വെളിപ്പെടുത്തിയത്.
ഒന്നാം ഘട്ടത്തിൽ എമിറേറ്റിലെ പ്രധാനപ്പെട്ട റോഡുകളിലെ 60 ശതമാനം ഭാഗങ്ങളിലും പദ്ധതി നടപ്പാക്കിയിരുന്നു. ഇതുവഴി നിലവിൽ 480 കി.മീറ്റർ റോഡ് ശൃംഖല സംവിധാനത്തിന് കീഴിൽ വന്നിട്ടുണ്ട്. രണ്ടാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ 710 കി.മീറ്റർ പരിധിയിൽ പദ്ധതി നടപ്പാകും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 116 നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. അതോടൊപ്പം അപകടങ്ങൾ നിരീക്ഷിക്കാനും വാഹനങ്ങളുടെ എണ്ണമെടുക്കാനുമുള്ള 100 ഉപകരണങ്ങളും സ്ഥാപിച്ചു. ഇതോടെ, ആകെ സംവിധാനത്തിന് കീഴിൽ വരുന്ന കാമറകളുടെ എണ്ണം 311ഉം നിരീക്ഷണ ഉപകരണങ്ങളുടെ എണ്ണം 227 ഉം ആയിട്ടുണ്ട്. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ 112 വേരിയബിൾ മെസേജ് സൈനുകൾ (വി.എം.എസ്) സ്ഥാപിച്ച് റോഡിന്റെ അവസ്ഥയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. യാത്ര സമയവും വേഗവും അളക്കുന്നതിനുള്ള 115 ഉപകരണങ്ങളും സ്ഥാപിക്കുകയുണ്ടായി. 17 കാലാവസ്ഥ സെൻസർ സ്റ്റേഷനുകളും 660 കി.മീറ്റർ വൈദ്യുതി ലൈനുകളും 820 കി.മീറ്റർ നീളമുള്ള ഫൈബർ ഒപ്റ്റിക് ശൃംഖലയും ഈ ഘട്ടത്തിൽ നിർമിച്ചു.
ആഗോളതലത്തിൽ തന്നെ ഏറ്റവും വലുതും വിപുലവുമായ ട്രാഫിക് നിയന്ത്രണ കേന്ദ്രങ്ങളിലൊന്നായ അൽ ബർഷയിലെ ദുബൈ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് (ഐ.ടി.എസ്) സെന്റർ വഴിയാണ് ആർ.ടി.എ എമിറേറ്റിലെ ട്രാഫിക് നിയന്ത്രിക്കുന്നത്. സിംഗപ്പൂരിനും ദക്ഷിണ കൊറിയയിലെ സോളിനുമൊപ്പം ദുബൈയെ ഐ.ടി.എസിലെ ലോകത്തെ മുൻനിര നഗരങ്ങളിലൊന്നാക്കി മാറ്റാൻ കേന്ദ്രത്തിൽ നൂതന സാങ്കേതികവിദ്യകളും ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.
ദുബൈ ഐ.ടി.എസ് സെന്ററിൽ സ്മാർട്ട് സേവനങ്ങൾ നൽകുന്നതിനും പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ, ഇന്റർനെറ്റ് ഓഫ് തിങ്സ്, നൂതന ആശയവിനിമയ സംവിധാനങ്ങൾ, വിവിധ നിരീക്ഷണ ഉപകരണങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്. ആർ.ടി.എ പദ്ധതി റോഡിലെ നിരീക്ഷണം 63 ശതമാനം മെച്ചപ്പെടുത്തിയെന്നും വേരിയബിൾ മെസേജ് സൈനുകൾ (വി.എം.എസ്) വഴി പ്രതികരണ സമയം 20 ശതമാനം കുറച്ചെന്നും ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.