അബൂദബി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

അബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. ഒരു കിലോയിലധികം വരുന്ന കൊക്കെയ്ന്‍ ഗുളികകളുമായി ആഫ്രിക്കന്‍ സ്വദേശിയാണ് പിടിയിലായത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് (ഐ.സി.പി.) ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ഒരു ആഫ്രിക്കന്‍ രാജ്യത്തുനിന്ന് എത്തിയ യാത്രക്കാരന്‍റെ നീക്കങ്ങളില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. എക്‌സ്റേ അടക്കമുള്ള പരിശോധനകളില്‍ ഇയാളുടെ കുടലിനുള്ളില്‍ അസ്വാഭാവികമായ വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ നടപടി ക്രമങ്ങളിലൂടെ പ്രതിയുടെ ശരീരത്തില്‍ നിന്ന് 100 മയക്കുമരുന്ന് ഗുളികകള്‍ പുറത്തെടുത്തു.

പിടിച്ചെടുത്ത കൊക്കെയ്‌ന് മൊത്തം 1,418 ഗ്രാം തൂക്കമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്‍റെ സുരക്ഷ ശക്തമാക്കുന്നതിന്‍റെയും ലഹരിമരുന്ന് കടത്ത് തടയുന്നതിന്‍റെയും ഭാഗമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട്സും നാഷണല്‍ ആന്‍റി നാര്‍ക്കോട്ടിക് ഏജന്‍സിയും സംയുക്തമായാണ് നീക്കം നടത്തിയത്. പിടിയിലായ പ്രതിക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതിനൂതനമായ പരിശോധനാ സംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ ജാഗ്രതയുമാണ് വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്താന്‍ സഹായിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - Major Drug Bust at Abu Dhabi Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.