ഷാർജ: പെരുന്നാളിന് പൊലിവ് കൂട്ടാൻ നാടകപ്രദർശനങ്ങളൊരുക്കി ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്). അൽ ഖസ്ബയിലെ ഈ വർഷത്തെ നാടകപ്രദർശനങ്ങൾ പെരുന്നാൾ അവധിദിനങ്ങളിൽ ആരംഭിച്ച് ഡിസംബർ വരെ തുടരും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന, മികച്ച സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
‘മാജിക് ഫിൽ - സ്റ്റയിങ് സില്ലി അറ്റ് സീ’ എന്ന പ്രശസ്ത നാടകത്തിലൂടെയാണ് പ്രദർശനങ്ങളുടെ തുടക്കം. ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ, മെയ് 27 മുതൽ 30 വരെയാണ് ഈ നാടകം അരങ്ങേറുക. തമാശയും ജാലവിദ്യയും സാഹസികതയുമെല്ലാം സമ്മേളിക്കുന്ന ഗോൾഡിലോക്സ് ആൻഡ് ദി ത്രീ ബെയേഴ്സ് ആണ് വേനലവധിക്ക് ശേഷം അരങ്ങിലെത്തുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ടതും പറഞ്ഞതുമായ അറേബ്യൻ മായാജാലകഥകളിൽ ഒന്നായ അലാവുദ്ദീനും ഖസ്ബയിലെ നാടകവേദിയിലെത്തും. നിഗൂഢവിളക്ക് കണ്ടെത്തി, ജീനിയും രാജകുമാരി ജാസ്മിനുമായി സൗഹൃദം സ്ഥാപിച്ച, മന്ത്രവാദിയായ ജാഫറിനെ മറികടന്ന അലാദ്ദീന്‍റെ സാഹസികകഥ, മികച്ച പശ്ചാത്തലത്തിൽ പ്രേക്ഷകർക്ക് നേരിട്ടുകാണാം.
പ്രശസ്തമായ വിസാർഡ് ഓഫ് ഓസ് പ്രദർശനത്തോടെ ഡിസംബറിൽ നാടകമേള അവസാനിക്കും. ‘സാഹിത്യത്തിനും സാംസ്കാരികപ്രവർത്തനങ്ങൾക്കും കൂടുതൽ ഇടം നൽകുകയെന്ന ഷാർജയുടെ കാഴ്ചപ്പാടിനോട് ചേർന്ന് നിന്ന്, ലോകോത്തരനിലവാരത്തിലുള്ള വിനോദമൊരുക്കാനാണ് ശ്രമിക്കുന്നതെന്ന് അൽഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട് എന്നീ വിനോദകേന്ദ്രങ്ങളുടെ മാനേജർ ഖാലിദ് അൽ അലി പറഞ്ഞു. കഥപറച്ചിൽ ആഘോഷമാക്കുന്ന, സാംസ്കാരികവിനിമയങ്ങൾക്ക് വേദിയാവുന്ന നാടകമേള അതിന്‍റെ ഭാഗമാണ്. എൽ.ഇ.ഡി ബാക്ഗ്രൗണ്ട്, കഥാസാഹചര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്ന ഡൈനാമിക് ലൈറ്റിങ്, സൗണ്ട് സിസ്റ്റം എന്നിങ്ങനെ മികച്ച സാങ്കേതിക സൗകര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മസ്റ അൽ ഖസ്ബയിലെ പ്രദർശനങ്ങളൊരുങ്ങുന്നത്. വേറിട്ട വാസ്തുശൈലിയും കനാലിലെ ബോട്ട് യാത്രകളും നടപ്പാതകളും കുട്ടികൾക്കായുള്ള കളിയിടങ്ങളും സജീവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.