കരടികളെ കടത്താൻ ശ്രമം: ദുബൈ വിമാനത്താവളത്തിൽ യുവതി പിടിയിൽ

ദുബൈ: അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ കരടികളെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏഷ്യൻ യാത്രക്കാരി പിടിയിൽ. യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ദുബൈ കസ്റ്റംസ്​ പിടികൂടുകയായിരുന്നു. പരിശോധനക്കിടെ അസാധാരണ വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ലഗേജ് പ്രത്യേകം പരിശോധനക്ക്​ വിധേയമാക്കി.

തുടർന്നാണ് അപൂർവ കരടികൾ അടങ്ങിയ കൊട്ട സ്യൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പണം ലഭിച്ചതിനാൽ സ്യൂട്ട്‌കേസ് കൊണ്ടുവരികയായിരുന്നുവെന്നും അത് മറ്റൊരാൾക്ക് നൽകാനുള്ളതാണെന്നും യാത്രക്കാരി ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇവർ മറ്റൊരാൾക്കായി കത്തിരിക്കുന്നതിനിടെയാണ്​ പിടിയിലായത്​.

ഉള്ളിലുള്ളതിനെ കുറിച്ച് അറിയിക്കാതെ സാധാരണ യാത്രക്കാരെ കള്ളക്കടത്ത് പ്രവർത്തനങ്ങൾക്കായി ചൂഷണം ചെയ്യുന്ന രീതിയാണിതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. മൃഗഡോക്ടറുടെ പരിശോധനയിൽ കരടികൾ ചത്തുപോയതായി സ്ഥിരീകരിച്ചിരുന്നു.

അന്താരാഷ്ട്ര സംരക്ഷണ ചട്ടങ്ങൾ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ഇനത്തിൽപ്പെട്ട കരടികളാണിവയെന്ന് മൃഗഡോക്ടർ അറിയിച്ചതായി ദുബൈ കസ്റ്റംസ്​ വ്യക്​തമാക്കി. പരിസ്ഥിതി കുറ്റകൃത്യ യൂനിറ്റിന്‍റെ അന്വേഷണം ഉൾപ്പെടെയുള്ള നിയമ നടപടികൾക്കായി ദുബൈ പൊലീസ് കേസ് പ്രോസിക്യൂഷന്​ കൈമാറിയിരിക്കുകയാണ്​.

Tags:    
News Summary - Woman Arrested at Dubai Airport for Attempting to Smuggle Bears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.