ദുബൈ: ശൈഖ് സായിദ് ബിൻ ഹംദാൻ പാലത്തിന് സമീപം ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. ഇതിൽ എട്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഒമ്പത് പേരുടെ പരിക്ക് നിസാരമാണ്. പരിക്കേറ്റവരെ ദുബൈ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സാങ്കേതിക തകരാറിനെ തുടർന്ന് നടുറോഡിൽ നിന്നുപോയ ബസിന് പിറകിൽ ട്രക്കിടിച്ച് കയറുകയായിരുന്നു.
ബസുമായി നിശ്ചിത അകലം പാലിക്കാത്തത് മൂലം ട്രക്ക് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുകയും ശക്തിയായി ഇടിച്ചുകയറുകയുമായിരുന്നുവെന്ന് ദുബൈ പൊലീസ് അറിയിച്ചു. സംഭവം നടന്ന ഉടനെ ദുബൈ പൊലീസ് ട്രാഫിക് പട്രോളിങ് സംഘവും അന്വേഷണ സംഘവും സ്ഥലത്തെത്തുകയും രക്ഷപ്രവർത്തനത്തിന് നേതൃതവം നൽകുകയും ട്രാഫിക് വഴി തിരിച്ചുവിടുകയും ചെയ്തതായി ജറനൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൂട്ടിയിടിയിൽ ഇരുവാഹനങ്ങളും പൂർണമായും തകർന്ന നിലയിലാണ്.
അതേസമയം, തിരക്കേറിയ റോഡുകളിൽ വാഹനത്തിന് തകരാർ സംഭവിക്കുകയോ അപകടമുണ്ടാവുകയോ ചെയ്താൽ ഹസാർഡ് ലൈറ്റുകൾ തെളിക്കണമെന്നും യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും ജറനൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു.
വാഹനം നിന്നുപോയ ഉടൻ അപകട സൂചന മുന്നറിയിപ്പ് സ്ഥാപിച്ച ശേഷം പൊലീസിൽ വിവരം അറിയിക്കണം. വാഹനങ്ങളുടെ സുരക്ഷ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. റോഡിന് നടുവിൽ നിർത്തുന്ന വാഹനങ്ങൾക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്‍റുമായിരിക്കും ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.