‘ഏകീകൃത ആരോഗ്യ പരിശോധന’ സേവനത്തിന് തുടക്കംകുറിച്ച് നടന്ന ചടങ്ങ്
ദുബൈ: എമിറേറ്റിൽ ‘ഏകീകൃത ആരോഗ്യ പരിശോധന’ സേവനം ആരംഭിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി. താമസ വിസക്കും ജോലിക്കും ആവശ്യമായ ആരോഗ്യ പരിശോധനാ നടപടികൾ ഇനി ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിലൂടെ പൂർത്തിയാക്കാമെന്നതാണ് സംവിധാനത്തിന്‍റെ പ്രത്യേകത. മെഡിക്കൽ ഫലം ലഭിക്കുന്നതോടെ വിസ സ്വമേധയാ അനുവദിക്കപ്പെടുന്ന രീതിയിലാണ് സംവിധാനം പ്രവർത്തിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ‘സിറ്റി മേക്കേഴ്സ്’ എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ സംവിധാനത്തിൽ, എല്ലാ പരിശോധനകളും ഒരേ സന്ദർശനത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
വിവിധ സർക്കാർ വകുപ്പുകളുടെ ഡാറ്റാബേസുകൾ ഏകീകരിച്ചതിലൂടെ വിവര കൈമാറ്റം വേഗത്തിലാക്കുകയും പിഴവുകൾ കുറയുകയും ചെയ്യും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ് ദുബൈ (ജി.ഡി.ആർ.എഫ്.എ), ദുബൈ മുനിസിപാലിറ്റി, സുപ്രീം ലെജിസ്ലേഷൻ കമ്മിറ്റി, ഡിപ്പാർട്മെന്റ് ഓഫ് ഫൈനാൻസ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ദുബൈയുടെ സോഷ്യൽ അജണ്ട 33നും സാമ്പത്തിക അജണ്ട ഡി33നും അനുബന്ധമായ സേവന മെച്ചപ്പെടുത്തലുകളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഏകീകൃത സംവിധാനത്തിലൂടെ മെഡിക്കൽ പരിശോധനകൾ മികച്ചതാവുകയും ഡാറ്റ കൈമാറ്റം വേഗത്തിലാവുകയും ചെയ്യുമെന്നും, നഗരത്തിലെ ജനസംഖ്യയുടെയും സാമ്പത്തിക മേഖലയുടെയും വളർച്ചയെ പദ്ധതി പിന്തുണക്കുമെന്നും ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഡോ. അലാവി അൽ ശൈഖ് അലി പറഞ്ഞു. സേവനം നിലവിൽ അൽ ഗർഹൂദ്, അൽ നഹ്ദ, അൽ കരാമ, അൽ യലായിസ്, ബർ ദുബൈ, ജബൽ അലി ഫ്രീ സോൺ, സഅബീൽ എന്നിവിടങ്ങളിലെ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രങ്ങളിലും സ്മാർട്ട് സാലിം സെന്ററുകളിലും ലഭ്യമാണ്. വരും ഘട്ടങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് സേവനം വിപുലീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.